നാളെ മുതല്‍ പ്ലാസ്റ്റിക്കിന് ഗുഡ് ബൈ; ഉത്തരവ് കര്‍ശനമായി നടപ്പാക്കന്‍ ജില്ലാ ഭരണകൂടം; നിരോധനം ബാധകമായ വസ്തുക്കള്‍ ഇവയൊക്കെ.
കോട്ടയം: നാളെ മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഈ വിഭാഗത്തില്‍പെടുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും ഇവ സൂക്ഷിക്കുന്നതും കൊണ്ടു നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. 30, 31 തീയതികളില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം സംഘടിപ്പിക്കും. പ്ലാസ്റ്റിക് നിരോധനം വിജയകരമായി നടപ്പാക്കുന്നതിന് ഇവരുടെ പിന്തുണ ഉറപ്പാക്കും.എല്ലാ സ്ഥാപനങ്ങളിലും നിലവിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ സ്റ്റോക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്സ്പെക്്ടര്മാരുടെ സഹകരണത്തോടെ പരിശോധിക്കും. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളും മുഖേന എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കും. 10,000 രൂപ മുതല്‍ പിഴ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്പന നടത്തിയാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴയീടാക്കുന്നത്. രണ്ടാം തവണ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയും പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. കളക്ടര്‍ മുതല്‍ താഴോട്ടുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കും കേസ് എടുത്ത്്് പിഴ ചുമത്താം. നിരോധനം ബാധകമായ വസ്തുക്കള്‍ * പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ * ടേബിളില്‍ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍ * തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ കൊണ്ടുള്ള പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍ * ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിക്കറുകള്‍. * പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗളുകള്‍, പേപ്പര്‍ ബാഗുകള്‍ * നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് പതാകകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ് * പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, ബ്രാന്‍ഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, കുടിവെള്ള ബോട്ടിലുകള്‍(500 മില്ലിലിറ്ററിനു താഴെ) * ഗാര്‍ബേജ് ബാഗുകള്‍, * പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ * പിവിസി ഫ്ളക്സ് മെറ്റീരിയലുകള്‍


0 Comments