നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിന്‍റെ വാദം ഇന്ന്


കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാഥമിക വാദം ഇന്നു നടക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷം വാദം തുടരാമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. എറണാകുളം പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിന്‍ മേലുള്ള പ്രതിഭാഗത്തിന്റെ പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്.

ഇന്ന് ദിലീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളുടെ വാദമാണ് നടക്കേണ്ടത്. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായേക്കില്ല. നടിയെ ആക്രമിച്ച പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്‍റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി പ്രോസിക്യൂഷന്‍ സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിക്കാന്‍ അനുവാദം നല്‍കിയത്. ഇന്ന് വാദം പൂര്‍ത്തിയാക്കിയ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്ന നടപടി ജനുവരി ആദ്യം നടക്കും. സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ തയാറാക്കി അവര്‍ക്കു സമന്‍സ് അയയ്ക്കും.