നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം



തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ സുരേഷ് ഗോപിക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ട് ഔഡി കാറുകള്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ട് ഔഡി കാറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്.2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കാറുകളിലുമായി സുരേഷ് ഗോപി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

ഇതിന് ശേഷം ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വ്യാജരേഖ ചമക്കല്‍, നികുതി വെട്ടിക്കാനായി മനഃപൂര്‍വമായ ശ്രമങ്ങള്‍ നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.