എല്ലാ കടങ്ങളും വീട്ടിയത് അവൻ ഒറ്റയ്ക്ക്;അയ്യപ്പന്റെ അനുഗ്രഹവും അവനുണ്ട് : കേശുവിനെപറ്റി അമ്മ മനസ്സ് തുറക്കുന്നു!




ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനായിട്ടാണ് കേശു എന്ന അൽസാബിത്ത് നമുക്ക് മുൻപിൽ എത്തുന്നത്. സീരിയലിനുള്ളിലെ വെറുമൊരു കാഥാപാത്രമായിട്ടല്ല കേശുവിനെ മലയാളികൾ ഹൃദയത്തിൽ ഏറ്റിയത്. പകരം അവൻ ഇന്ന് കേരളക്കരയുടെ ഒരു മകനോ, ചെറുമകനോ, അനുജനോ ഒക്കെയാണ്. ഉപ്പും മുളകും പ്രേക്ഷകർക്ക് മാത്രം അല്ല ഒട്ടുമിക്ക മലയാളികളുടെയും പ്രിയ താരമാണ് കേശു. ചെറുപ്രായത്തിൽ തന്നെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാൻ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട്. ചേച്ചിയോടും ചേട്ടനോടും വഴക്ക് പിടിച്ചും സ്നേഹം കൂടിയും, കുഞ്ഞനുജത്തിയെ സ്നേഹിച്ചും. അച്ഛനും അമ്മയ്ക്കും നല്ലമകനായിട്ടും ഉപ്പും മുളകിലും കേശു നിറയുമ്പോൾ കയ്പ് നിറഞ്ഞൊരു ബാല്യകാലമുണ്ട് ഈ കുരുന്നിനെന്നതാണ് സത്യം.

അഞ്ചാം വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചു പോയി, അമ്മയുടെ തണലിൽ ഒതുങ്ങിയ ഒരു കേശു. അഞ്ചുവയസ്സ് എന്ന് പറയുമ്പോൾ, പ്രാരാബ്ധം എന്ന വാക്കിന്റെ അർഥം പോലും ശരിക്ക് അറിയാൻ ആകാത്ത വയസ്സാണത്. . നാമറിയാതെ ഒരുപാട് ബാല്യങ്ങൾ ഈ അവസ്ഥ തരണം ചെയ്യുന്നുണ്ടാകാം. അതേ അവസ്ഥയിലൂടെയാണ് തന്റെ കുഞ്ഞു കടന്നു വന്നതെന്ന് കേശുവിന്റെ അമ്മ ബീന സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ പറയുന്നു.