കിമോയ്ക്കും സോനയ്ക്കും ഇനി വിശ്രമം



കണ്ണൂര്‍: പ്രധാനമായ പല കേസുകളിലും തുമ്ബുണ്ടാക്കി കേരള പോലീസിന് അഭിമാനമായ 10 നായ്ക്കള്‍ പോലീസിന്റെ തൃശ്ശൂരിലെ വിശ്രാന്തിമന്ദിരത്തിലുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തിയതിനുശേഷം നല്‍കുന്ന സുന്ദരമായ വിശ്രമജീവിതം. അവര്‍ക്കൊപ്പം കൂട്ടുകൂടാന്‍ ഇനി കണ്ണൂരില്‍നിന്ന് രണ്ടുപേര്‍കൂടിയുണ്ടാകും. പോലീസ് ഡോഗ് സ്ക്വാഡിലെ കിമോയും സോനയും.

പോലീസ് ഡോഗ്‌ സ്ക്വാഡില്‍നിന്ന് വിരമിക്കുന്ന കിമോയ്ക്കും സോനയ്ക്കും വെള്ളിയാഴ്ച സേനാംഗങ്ങള്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കി. പത്തുവയസ്സ് പൂര്‍ത്തിയായതോടെയാണ് ഇവയ്ക്ക് വിശ്രമം അനുവദിച്ചത്. ഒരുവയസ്സിലാണ് ഇവ പോലീസ് ഡോഗ് സ്ക്വാഡില്‍ എത്തുന്നത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളെയും രണ്ടുമാസം പ്രായമുള്ളപ്പോഴാണ് പോലീസ് ഏറ്റെടുത്ത് പരിശീലനം നല്‍കിത്തുടങ്ങിയത്. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം.

ട്രാക്കര്‍ (മൂന്ന്), എക്സ്‌പ്ലോസീവ് (നാല്), നാര്‍ക്കോടിക് സ്നിഫര്‍ (ഒന്ന്) വിഭാഗങ്ങളിലായി എട്ട് നായ്ക്കളാണ് ജില്ലാ പോലീസ് സ്ക്വാഡിലുള്ളത്. കിമോ ട്രാക്കര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നായയാണ്. കളവ്, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വളപട്ടണത്തെ ഒരു പ്ലൈവുഡ് ഫാക്ടറിയിലെ മാനേജരെ ഇവിടെ ജോലിചെയ്ത മറുനാടന്‍ തൊഴിലാളികള്‍ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് എളുപ്പത്തില്‍ സഹായകമായത് കിമോയുടെ പ്രവര്‍ത്തനമാണ്. മാസങ്ങള്‍ക്കുമുമ്ബ് മയ്യിലില്‍ കാണാതായ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മൃതശരീരം വേഗം കണ്ടെത്തുന്നതിനും കിമോ സഹായമായി. 2018-ല്‍ പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക് കത്തിച്ച കേസില്‍ തുമ്ബുണ്ടാക്കിയതും കിമോയാണ്.

എക്സ്പ്ലോസീവ് സ്നിഫര്‍ വിഭാഗത്തിലായിരുന്നു സോനയുടെ പ്രവര്‍ത്തനം. പാനൂര്‍, കൊളവല്ലൂര്‍ തുടങ്ങിയ വിവിധയിടങ്ങളില്‍നിന്ന്‌ ബോംബ് കണ്ടെത്തുന്നതിന് സോന പോലീസിന് സഹായകമായിട്ടുണ്ട്. ബോംബ് റെയ്‌ഡിന്‌ പുറമെ വി.ഐ.പി. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാപരിശോധനയ്ക്കും സോനയുടെ സേവനം പോലീസ് ഏറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.വി.ജയചന്ദ്രനായിരുന്നു കിമോയുടെ പരിശീലകന്‍. സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം മോഹനും പി.എം.ജിജേഷുമാണ് സോനയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പരിസരത്ത് കിമോയ്ക്കും സോനയ്ക്കും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ രണ്ട്‌ നായ്ക്കളെയും പൂമാലയണിച്ചു.

ജില്ലാ പോലീസ് മേധാവിക്ക് സല്യൂട്ട് നല്‍കിയാണ് കിമോയും സോനയും ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിടവാങ്ങിയത്. അഡീഷണല്‍ എസ്.പി. വി.ഡി.വിജയന്‍, ഡോഗ് സ്ക്വാഡ് ഇന്‍ചാര്‍ജ് എസ്.ഐ. വി.വി.ശശീന്ദ്രന്‍ തുടങ്ങിയവരും പോലീസ് അസോസിയേഷന്‍ ഭാരവാഹികളും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു

പോലീസ് സേനയുടെ മുതല്‍ക്കൂട്ട്

2011 ജനുവരി ഏഴിന് പരിശീലനം പൂര്‍ത്തിയാക്കിയാണ് സോനയും കിമോയും സേനയുടെ ഭാഗമായത്. ഇവര്‍ സേനയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. മോഷ്ടാക്കളെ മണത്ത് പിടിക്കുന്നതില്‍ പരിശീലനംനേടിയ കിമോ ചക്കരക്കല്ല്, തളിപ്പറമ്ബ്, വളപട്ടണം സ്റ്റേഷനുകളിലെ മോഷണക്കേസ് പ്രതികളെ മിനിറ്റുകള്‍കൊണ്ടാണ് പൊക്കിയത്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ മിടുക്കിയാണ് സോന. പല കേസുകളിലും പോലീസിന് നിര്‍ണായക തെളിവുണ്ടാക്കാന്‍ കിമോയ്ക്കും സോനയ്ക്കും സാധിച്ചിട്ടുണ്ട്. വിശ്രാന്തിമന്ദിരത്തില്‍ രണ്ടുപേര്‍ക്കും മികച്ച പരിചരണം ലഭിക്കും.