ജൈവകൃഷി വിപ്ലവുമായി കാര്‍ഷിക കര്‍മസേന



കല്യാശ്ശേരി: ഒരു ഗ്രാമത്തിലാകെ ജൈവ കാര്‍ഷികോത്പന്നങ്ങള്‍ ഉത്‌പാദിപ്പിച്ച്‌ പുതിയ കാര്‍ഷികവിപ്ലവം സൃഷ്ടിക്കുകയാണ് പാപ്പിനിശ്ശേരിയിലെ കാര്‍ഷിക കര്‍മസേന. 2017-ല്‍ സ്ഥാപിതമായ കര്‍മസേനയില്‍ 67 അംഗങ്ങളാണുള്ളത്. കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും തനത് സംഭവാനനല്‍ക്കുന്ന കര്‍ഷക ഗ്രൂപ്പ് പച്ചക്കറി ഉത്പാദന-വിപണന രംഗത്താണ് ഏറേ നേട്ടമുണ്ടാക്കിയത്. ജൈവകൃഷിയിലൂടെ ഈ സേന കാക്കുന്നത്‌ വളര്‍ന്നുവരുന്ന തലമുറയുടെയും മണ്ണിന്റെയും ആരോഗ്യമാണ്‌. വിഷമില്ലാത്ത പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍ ഉത്പാദിപ്പിക്കാന്‍ മനസ്സുള്ളവര്‍ക്ക്‌ ഹരിതകര്‍മസേന വഴികാട്ടിയാകും. ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കര്‍മസേന സൊസൈറ്റി ആക്‌ട് പ്രകാരം രജിസ്ട്രര്‍ചെയ്തതാണ്. 2018-19-ല്‍മാത്രം കര്‍മസേന ജൈവ പച്ചക്കറി വിപണന ഇക്കോ ഷോപ്പ് വഴി 45 ലക്ഷം രൂപയുടെ പച്ചക്കറികള്‍ വില്‍പ്പനനടത്തി. മൂന്ന് ലക്ഷം രൂപയുടെ ലാഭമുണ്ടാക്കാനായി. ഇത് സംസ്ഥാനത്തുതന്നെ വലിയൊരു മാതൃകാപ്രവര്‍ത്തനമായി.

കെ.സി.ചന്ദ്രമതി പ്രസിഡന്റും പൂഞ്ഞത്ത് രാജന്‍ സെക്രട്ടറിയും യു.രമേശന്‍ ട്രഷററുമായ കമ്മിറ്റിയാണ് കര്‍മസേനയ്ക്ക് നേതൃത്വംനല്‍കുന്നത്. കര്‍മസേന നെല്‍ക്കൃഷിയിലും കാര്‍ഷികയന്ത്രങ്ങളുടെ സഹായകേന്ദ്രമായും പ്രവര്‍ത്തിക്കുന്നുണ്ട്.

ചേനഗ്രാമം പദ്ധതി

പാപ്പിനിശ്ശേരി കൃഷിഭവന്റെ കീഴില്‍ പാപ്പിനിശ്ശേരി ഗ്രാമത്തില്‍ തുടങ്ങിയ ചേനഗ്രാമം പദ്ധതിയും വന്‍വിജയമാകുകയാണ്. പദ്ധതിപ്രകാരം 48 കര്‍ഷക ഗ്രൂപ്പുകള്‍ക്കാണ് കൃഷിഭവന്‍മുഖേന ചേനവിത്ത്‌ നല്‍കിയത്. അതില്‍ കാര്‍ഷിക കര്‍മസേനയുടെ ഭാരവാഹികള്‍ അരോളിയിലെ കാട്യത്ത് ഒരേക്കറില്‍ നടത്തിയ ചേനക്കൃഷിയിലൂടെ പത്ത് ടണ്‍ ചേനയാണ് ഉത്പാദിപ്പിച്ചത്. ഒരു ചേനച്ചെടിയില്‍നിന്നുമാത്രം അഞ്ചുമുതല്‍ 10 കിലോ ഗ്രാംവരെ ചേന ലഭിച്ചു. ഉത്പാദിപ്പിച്ച ചേന മുഴുവന്‍ കര്‍മസേനയുടെ ഇക്കോ ഷോപ്പ് വഴിയാണ് വില്‍ക്കുന്നത്.

ഇക്കോ ഷോപ്പിലൂടെ ഒരുമാസം 1,000 കിലോ ചേനയുടെ വില്‍പ്പന നടന്നു. ഇതാണ് ചേനഗ്രാമം പദ്ധതിക്ക് പ്രചോദനമായതെന്ന് പാപ്പാനിശ്ശേരി കൃഷി ഓഫീസര്‍ യു.പ്രസന്നന്‍ പറഞ്ഞു.

മൂന്നുലക്ഷം പച്ചക്കറിത്തൈകള്‍

വിതരണംചെയ്തു

പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കര്‍മസേനയുടെ കീഴില്‍ കാര്‍ഷിക നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വിവിധ പഞ്ചായത്തുകള്‍ക്ക് ഇതിനകം മൂന്ന്‌ ലക്ഷത്തിലധികം പച്ചക്കറിത്തൈകളാണ് നല്‍കിയത്. ആവശ്യക്കാര്‍ കൂടിയതോടെ തുടര്‍ച്ചയായി ലക്ഷക്കണക്കിന് പച്ചക്കറിത്തൈകളാണ് നഴ്സറികളിലൂടെ ഉത്‌പാദിപ്പിക്കുന്നത്.

മുളക്, തക്കാളി, വഴുതിന, ബിറ്റ്‌റൂട്ട്, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയവയെല്ലാം നഴ്സറിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്‌. കൃഷിഭവന്‍ മുഖേന നഴ്സറികള്‍ സ്ഥാപിക്കാന്‍ 40,000 രൂപയും 100 ചതുരശ്ര അടി മഴമറയുണ്ടാക്കാന്‍ 50,000 രൂപയും സഹായം നല്‍കുന്നുണ്ട്.

പാപ്പിനിശ്ശേരിയില്‍ ഇതിനകം മൂന്ന്‌ മഴമറ നഴ്സറികള്‍ക്കും രണ്ട് സാധാരണ നഴ്സറികള്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ആവശ്യക്കാര്‍ക്ക് വളംചേര്‍ത്ത ഗ്രോബാഗുകള്‍, ചട്ടികള്‍ എന്നിവയും നല്‍കുന്നുണ്ട്. പാപ്പിനിശ്ശേരി ഇക്കോ ഷോപ്പ് വഴി പച്ചക്കറിത്തൈകളും വില്‍പ്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്.