ചട്ടുകപ്പാറ വനിതാ വ്യവസായ  എസ്റ്റേറ്റിന്‌ പുതുജീവന്‍




മയ്യില്‍: വര്‍ഷങ്ങളായി കാടുമൂടിക്കിടന്ന ചട്ടുകപ്പാറ വനിതാ വ്യവസായ എസ്റ്റേറ്റിന് പുതുജീവന്‍വെക്കുന്നു. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ ഐ.ടി. പാര്‍ക്കിന് സ്ഥലം കണ്ടെത്തുകയും കെട്ടിടങ്ങള്‍ പണിയുകയും ചെയ്തത്. എന്നാല്‍, ഐ.ടി. അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അനുകൂലഘടകങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സംരഭം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് കെട്ടിങ്ങളുടെ ജനാലകളും വാതിലുകളും മറ്റ് ഫര്‍ണിച്ചറുമടക്കം കിട്ടിയവര്‍ കൈക്കലാക്കി. തുടര്‍ന്നാണ് വനിതാസംരഭങ്ങള്‍ക്കായി കെട്ടിടം വനിതാ വ്യവസായ എസ്റ്റേറ്റ് എന്ന പേരിലാക്കിയത്. പേരിന് ചില സംരംഭങ്ങള്‍ വനിതകളുടെ ഗ്രൂപ്പുകള്‍ തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. പീന്നീടാണ് വനിതാ വ്യവസായ എസ്റ്റേറ്റ് പാട്ടത്തിന് സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനമാനിച്ചത്. നിലവില്‍ 16 ചെറു കെട്ടിങ്ങളാണ് ഇവിടെയുള്ളത്‌. ഇതില്‍ 16 എണ്ണത്തിലും സംരംഭകരെത്തി പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. കെട്ടിടത്തിന്‍ അടിസ്ഥാനസൗകര്യങ്ങളെല്ലാം സംരംഭകര്‍തന്നെ നിര്‍വഹിക്കണം. പ്ലാസ്റ്റിക് ബോട്ടില്‍, ഐസ്‌ക്രീം, അച്ചാറുകള്‍, ബിസ്കറ്റ്, പഴസംസ്കരണം, ഗാര്‍മെന്റ്‌സ് തുടങ്ങിയ നിര്‍മാണ യൂണിറ്റുകളാണ്‌ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നത്. തൊഴില്‍സംരംഭങ്ങള്‍ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീല്ലാ പഞ്ചായത്തിന്റെ നടപടിയെന്ന് ജില്ലാ പഞ്ചായത്തംഗം കെ.നാണു പറഞ്ഞു.