സ്വയം വിരമിക്കല്‍ അപേക്ഷ : ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഏഴിന് വാദം കേള്‍ക്കും
കൊച്ചി: സ്വയം വിരമിക്കാന്‍ (വി.ആര്‍.എസ്) അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി: ഡോ. ജേക്കബ് തോമസ് സമര്‍പ്പിച്ച അടിയന്തരഹര്‍ജിയില്‍ ജനുവരി ഏഴിനു സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വാദം കേള്‍ക്കും. ഇതു സംബന്ധിച്ച് സംസ്‌ഥാനസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം.
സംസ്‌ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്‌ഥനായ തനിക്കു ഡി.ജി.പിക്കു യോജിച്ച തസ്‌തിക നല്‍കുക, അല്ലെങ്കില്‍ വി.ആര്‍.എസ്. അനുവദിക്കുക എന്ന ആവശ്യവുമായാണ് അദ്ദേഹം സി.എ.ടിയെ സമീപിച്ചത്. എന്നാല്‍, വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ കേന്ദ്ര സര്‍വീസിലേക്കു ഡെപ്യൂട്ടേഷന്‍ നല്‍കാനോ വി.ആര്‍.എസ്. അനുവദിക്കാനോ കഴിയില്ലെന്നാണു സംസ്‌ഥാനസര്‍ക്കാര്‍ നിലപാട്.
2014-ല്‍ വി.ആര്‍.എസിന് അപേക്ഷിച്ചപ്പോള്‍ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരാണു തീരുമാനമെടുക്കേണ്ടത്. അന്വേഷണ/വിചാരണാഘട്ടത്തില്‍ സ്‌ഥലത്തുണ്ടാകേണ്ടതിനാല്‍ ഡെപ്യൂട്ടേഷന്‍ അനുവദിക്കാനാവില്ല. തുറമുഖവകുപ്പ് ഡയറക്‌ടറായിരിക്കേ, മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് ജേക്കബ് തോമസിനെതിരേ വിജിലന്‍സ് കേസെടുത്തിരുന്നു.
ഏതു തസ്‌തികയില്‍ നിയമിക്കണമെന്നു തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സര്‍വീസ് ചട്ടം ലംഘിച്ചതിന് അദ്ദേഹം മൂന്നുതവണ സസ്‌പെന്‍ഷനിലായി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി തൃപ്‌തികരമായിരുന്നില്ല. തുടര്‍ന്ന്, വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറി. അന്വേഷണം നേരിടുന്നവര്‍ക്കു വി.ആര്‍.എസ്. നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.


0 Comments