ഇതര സംസ്‌ഥാന ഖാദി തുണികള്‍ വ്യാപകം; സ്‌ഥിര വരുമാനമില്ലാതെ പരമ്ബരാഗത തൊഴിലാളികള്‍




കണ്ണൂര്‍: ഇതര സംസ്‌ഥാന ഖാദി തുണിത്തരങ്ങള്‍ വ്യപകമായി ഇറക്കുമതി ചെയ്യുന്നതിനാല്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി സംസ്‌ഥാനത്തെ ഖാദി വ്യവസായം. പരമ്ബരാഗത തൊഴിലാളികള്‍ നെയ്‌തെടുത്ത ഖാദി തുണികളുടെ വിപണനം കുറഞ്ഞുവരികയാണ്‌. മില്ലുകളില്‍ തുണികള്‍ കെട്ടിക്കിടക്കുന്ന സ്‌ഥിതിയാണിപ്പോള്‍. ഇതോടെ വര്‍ഷങ്ങളായി ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക്‌ സ്‌ഥിര വരുമാനം നിലച്ചിരിക്കുകയാണ്‌.
തുഛമായ കൂലിയാണ്‌ അടുത്ത കാലം വരെയും ലഭിച്ചതെങ്കിലും സ്‌ഥിര വരുമാന മാര്‍ഗമായിരുന്നു ഖാദിമേഖല. തൊഴില്‍ കേന്ദ്രത്തിലേക്കാവശ്യമായ പഞ്ഞികള്‍ എത്തിക്കാന്‍ പോലും സാധിക്കാത്ത സ്‌ഥിതിയാണിന്ന്‌. നേരത്തെ സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച്‌ ആവശ്യമായ പഞ്ഞികള്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌. ഇത്‌ പൂര്‍ണമായി എത്തിച്ചാലും മുഴുവന്‍ സമയ തൊഴിലെന്ന ലക്ഷ്യത്തിലേക്ക്‌ എത്തിക്കാന്‍ സാധിക്കില്ല. നൂലിന്‌ 4.85 രൂപ മാത്രം ഉണ്ടായിരുന്നിടത്ത്‌ 14.89 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സ്‌ഥിരം തൊഴില്‍ ഇല്ലാത്തത്‌ തിരിച്ചടിയായി.
തൊഴിലാളികളെ സംബന്ധിച്ച്‌ ആയാസകരമായ പ്രവര്‍ത്തി കൂടിയാണ്‌ നൂല്‍നൂല്‍പ്പ്‌. പരമ്ബരാഗത വ്യവസായം എന്ന നിലയില്‍ യതൊരു നവീകരണവും ഖാദി മേഖലയില്‍ നടക്കുന്നില്ല. തൊഴിലാളികള്‍ക്ക്‌ ആയാസരഹിതമായി നൂല്‍നൂല്‍ക്കാനും മറ്റും യന്ത്രം സ്‌ഥാപിക്കുമെന്ന്‌ പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല.
പ്രാചീന രീതി മുതലുള്ള കൈകൊണ്ട്‌ തിരിക്കുന്ന സമ്ബ്രദായമാണ്‌ ഇപ്പോഴുമുള്ളത്‌. ചെറിയ മുതല്‍ മുടക്കില്‍ കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന പരമ്ബരാഗത വ്യവസായം എന്ന നിലയില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ അനിവാര്യമാണ്‌. എങ്കില്‍ മാത്രമേ ഖാദി മേഖലയ്‌ക്ക് കേരളത്തില്‍ നിലനില്‍പ്പുണ്ടാവുകയുള്ളൂ.