കുഴിമറച്ച ബോര്‍ഡില്‍ തട്ടിവീണ യുവാവ്‌ ലോറികയറി മരിച്ചു


കൊച്ചി: പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം കുടിവെള്ള പൈപ്പ്‌ പൊട്ടിയുണ്ടായ കുഴിയില്‍ വീണ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ ടാങ്കര്‍ ലോറി കയറി മരിച്ചു.
കുഴി മറച്ച്‌ അശാസ്‌ത്രീയമായിവച്ച ബോര്‍ഡില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ബാര്‍ തട്ടി വീണ യുവാവിനുമേല്‍ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. കടവന്ത്ര സോഫ്‌റ്റന്‍ ടെക്‌നോളജീസ്‌ ജീവനക്കാരനും ചെറിയപ്പിള്ളി മഡോണ ടെയ്‌ലേഴ്‌സ്‌ ഉടമയുമായ കൂനമ്മാവ്‌ കാച്ചാനിക്കോടത്ത്‌ ലാലന്റെ മകന്‍ കെ.എല്‍. യദുലാലാ(23)ണു മരിച്ചത്‌. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. യദുവിനെ പിന്നാലെ വന്ന കാറില്‍ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തു മാസമായി പൊട്ടിക്കിടക്കുന്ന കുടിവെള്ള പൈപ്പില്‍നിന്നുള്ള വെള്ളം മൂലമാണു കുഴിയുണ്ടായത്‌. മെട്രോ സ്‌റ്റേഷനു മുന്നിലെ റോഡിന്റെ തകര്‍ന്ന ഭാഗം കഴിഞ്ഞയാഴ്‌ച ടാര്‍ ചെയ്‌തപ്പോഴും ഈ കുഴി മൂടിയിരുന്നില്ല. കെ.എം.ആര്‍.എല്‍. ഫുട്‌പാത്ത്‌ നിര്‍മിക്കാനുപയോഗിക്കുന്ന വലിയ മൂന്നു കോണ്‍ക്രീറ്റ്‌ കട്ടകള്‍ അപകടകരമായ രീതിയില്‍ കുഴിയില്‍ ഇട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ്‌ മെട്രോ ജോലിക്കായി ഉപയോഗിക്കുന്ന വലിയ ബോര്‍ഡ്‌ ആരോ കുഴിക്കു മുന്നില്‍ വച്ചത്‌. പൈപ്പ്‌ അറ്റകുറ്റപ്പണി നടത്താന്‍ ജല അതോറിറ്റി സെപ്‌റ്റംബറില്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി നല്‍കുന്നതില്‍ വീഴ്‌ചയുണ്ടായി. സ്വകാര്യ സ്‌ഥാപനത്തില്‍ കമ്ബ്യൂട്ടര്‍ കോഴ്‌സ്‌ പഠിക്കുന്ന യദു ഫീസ്‌ അടയ്‌ക്കാനായി പോകുമ്ബോഴായിരുന്നു അപകടം. ഭക്ഷണ ഡെലിവറി ബോയി ആയും ജോലിചെയ്യുന്നുണ്ടായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. പാലാരിവട്ടം പോലീസ്‌ കേസെടുത്തു. നിഷ ലാലനാണ്‌ യദുവിന്റെ മാതാവ്‌. നന്ദുലാല്‍ സഹോദരന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം ജലസേചന വകുപ്പ്‌ സെക്രട്ടറി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ജലവിഭവമന്ത്രി കെ. കൃഷ്‌ണന്‍കുട്ടി അറിയിച്ചു.