സിസ്റ്റര്‍ അഭയ കേസ്; പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയ എന്‍. ക്യഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നീ വിദഗ്ധരെ സാക്ഷികളായി വിസ്തരിക്കാനുള്ള സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജികളിലാണു ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്. നാര്‍ക്കോ പരിശോധനയുമായി ബന്ധപ്പെട്ട മറ്റ് 8 സാക്ഷികളെ വിസ്തരിക്കാനും സാധിക്കില്ല. ചോദ്യം ചെയ്യലിനു പൊലീസ് ഉപയോഗിക്കുന്ന നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നു 2010ല്‍ സെല്‍വി-കര്‍ണാടക കേസില്‍ സുപ്രിംകോടതി ഉത്തരവുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ നാര്‍ക്കോ പരിശോധനാ ഫലം തെളിവായി കാണാനാവില്ല. അതിനാല്‍ പരിശോധന നടത്തിയ വിദഗ്ധരെ വിസ്തരിക്കേണ്ട ആവശ്യമില്ല.
കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27 ന് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണു കേസിന് ആധാരം. 2007 ലാണു ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും നാര്‍ക്കോ പരിശോധനയ്ക്കു വിധേയരാക്കിയത്. പരിശോധന നടത്തിയ വിദഗ്ധരെ സാക്ഷികളാക്കി വിസ്തരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണു പ്രതികള്‍ ഹൈക്കോടതിയിലെത്തിയത്.
ഹര്‍ജി പരിഗണിക്കവേ തങ്ങളുടെ അനുമതിയും സമ്മതവുമില്ലാതെയാണ് നുണപരിശോധനയും നാര്‍ക്കോ പരിശോധനയും നടത്തിയതെന്നും ഇവ മാധ്യമങ്ങള്‍ക്ക് അധികൃതര്‍ ചോര്‍ത്തി നല്‍കിയെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ബോധപൂര്‍വമല്ലാതെ നല്കുന്ന മൊഴിയാണ് നാര്‍ക്കോ പരിശോധനയിലുള്ളതെന്നതിനാല് ഇതു തെളിവായി സ്വീകരിക്കരുതെന്നും പുതിയ വസ്തുകള്‍ക്കുള്ള സൂചന മാത്രമായേ ഇതു സ്വീകരിക്കാവൂയെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഇവരുടെ മൊഴിയിലൂടെ അപ്രസക്തമായ കാര്യങ്ങള്‍ തെളിയിക്കാനാണു പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നു സാക്ഷികളെ വിസ്തരിക്കുമ്ബോള്‍ പ്രതികള്‍ക്ക് ഉന്നയിക്കാമെന്ന നിരീക്ഷണത്തോടെയാണ് വിചാരണക്കോടതി ഹര്‍ജി തള്ളിയത്. ഇതനുവദിച്ചാല്‍ സ്വീകാര്യമല്ലാത്ത തെളിവുകള്‍ രേഖകളുടെ ഭാഗമാകുമെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. കോടതിക്കു മുന്‍വിധിയുണ്ടാകാന്‍ ഇതു വഴിവയ്ക്കും. ന്യായവിചാരണയ്ക്കു തടസമാകും.


0 Comments