പൗരത്വം തെളിയിക്കാന്‍ രേഖകള്‍ തേടി യൂസുഫ്
കുമ്ബള: നാല്പതുവര്ഷം മുമ്ബ് നാടുവിട്ടയാള്‍ പൗരത്വം തെളിയിക്കാന്‍ രേഖകള്‍തേടി നാട്ടിലെത്തി. കുമ്ബള ബംബ്രാണയിലെ മുസ്ലിയാര്വളപ്പില് പരേതരായ മൊയ്തീന് കുട്ടിയുടെയും ആസ്യുമ്മയുടെയും മകന് യൂസുഫാണ് (69) ക്രിസ്മസ് ദിനം നാട്ടിലെത്തിയത്.
ബംബ്രാണയിലെ പരമ്ബരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച യൂസുഫ് വിവാഹശേഷം ജോലി തേടി മുംബൈക്ക് പോയതായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് വണ്ടികയറിയ യൂസുഫ് അവിടെ കുറെക്കാലം കഴിച്ചുകൂട്ടി. തുടര്‍ന്ന് എറണാകുളത്തെത്തി ആലുവയില്‍ നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ കുടുംബസമേതം താമസമാക്കി.
കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടര്‍ന്ന് കുടുംബത്തിന് പൗരത്വരേഖകള്‍ ആവശ്യമായിവരും എന്നായതോടെ മക്കള്‍ അവരുടെ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെട്ട് പിതാവില്‍ സമ്മര്ദംചെലുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്ബ് നാടുവിട്ടുപോയ യൂസുഫിന് പിറന്നനാട്ടില്‍ എത്തി ബന്ധുക്കളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്ന് വന്നതോടെ ആ ദൗത്യം മകന് തന്‍സീര്‍ ഏറ്റെടുത്തു.
നാലുദിവസം മുമ്ബാണ് തന്‍സീര്‍ പിതാവിെന്റ കുടുംബവേരുകള്‍ തേടി ബംബ്രാണയിലെത്തിയത്. ബംബ്രാണ ജമാഅത്ത് പള്ളിക്കരികിലെത്തി അന്വേഷിച്ച് വീട് കണ്ടുപിടിച്ചു. യൂസുഫിെന്റ അനുജന് പോക്കറും കുടുംബവും രണ്ടു സഹോദരിമാരും ചേര്‍ന്ന് ആനന്ദാശ്രുക്കളോടെയാണ് തന്‍സീറിനെ സ്വീകരിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ വിഡിയോ കാള്‍വഴി യൂസുഫിനെ ബന്ധപ്പെട്ട് നേരില്‍ കാണാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ യൂസുഫ് ഭാര്യയോടും മകളോടുമൊപ്പം നാട്ടിലെത്തി.
വര്‍ഷങ്ങളായി ഒരുവിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് യൂസുഫ് മരിച്ചിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. വ്യാഴാഴ്ച നാട്ടിലെത്തിയ യൂസുഫും ഭാര്യയും മകളും ആദ്യഭാര്യയിലെ മകള്‍ മിസ്രിയയുടെ വീട്ടിലാണ് തങ്ങിയത്. 10 വര്‍ഷം മുമ്ബ് യൂസുഫിെന്റ മാതാവ് ആസ്യുമ്മയും ജ്യേഷ്ഠന് മുഹമ്മദും മരിച്ചിരുന്നു. പുനഃസമാഗമത്തിലും ഇത് ഒരു നൊമ്ബരമായി ശേഷിച്ചു.


0 Comments