എരഞ്ഞോളിപ്പാലത്തിന് സമാന്തരപാലം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
തലശ്ശേരി: എരഞ്ഞോളിപ്പാലത്തിന് സമാന്തരപാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കെ.എസ്.ടി.പി. പ്രോജക്‌ട് ഡയറക്ടര്‍ എം.ജെ.രാജമാണിക്കം കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31-ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ ഉറപ്പുനല്‍കി. ഏപ്രില്‍ 30-ന് പാലം തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് രാജമാണിക്കം പറഞ്ഞു. നിര്‍മാണം പാതിവഴിയിലായ പാലം അദ്ദേഹം സന്ദര്‍ശിച്ചു. പാലത്തിന്റെ സമീപത്തെ സ്ഥല ഉടമകളുടെയും വ്യാപാരികളുടെയും വിപുലമായ യോഗം 26-ന് എരഞ്ഞോളിപ്പാലത്തിനടുത്ത കമ്യൂണിറ്റിഹാളില്‍ ചേരും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. പാലത്തിന്റെ പൈലിങ്ങ് തിങ്കളാഴ്ച പൂര്‍ത്തിയായി. പ്രവൃത്തി മന്ദഗതിയിലാണെന്ന പരാതിയെ തുടര്‍ന്നാണ് പാലം നിര്‍മാണം വിലയിരുത്താന്‍ രാജമാണിക്കം എത്തിയത്. ഇവിടെ അനുബന്ധ റോഡിന് സ്ഥലം ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്.
എ.എന്‍.ഷംസീര്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ തലശ്ശേരി പി.ഡബ്യു.ഡി. റസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. സബ് കളക്ടര്‍ ആസിഫ് കെ. യൂസഫ്, എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ, നഗരസഭാ കൗണ്‍സിലര്‍ വാഴയില്‍ വാസു, വിനോദ് നാരങ്ങാട്ട്, സുരാജ് ചിറക്കര, കെ.എസ്.ടി.പി. അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷീല ചോറന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ്.മനീഷ, ജിയോളജിസ്റ്റ് ജിജി, വര്‍ക്ക് കണ്‍സള്‍ട്ടന്റ് ശശികുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


0 Comments