കാടമുണ്ട-കരിയാല്‍ റോഡ് ഇനിയും ശരിയായില്ല; കരിങ്കൊടി കെട്ടി പ്രതിഷേധം



ഇരിട്ടി: റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ വേറിട്ടൊരു സമരരീതി പരീക്ഷിക്കുകയാണ് പായം നാട്ടുകൂട്ടം സൗഹൃദ കൂട്ടായ്മ. കാടമുണ്ട-കരിയാല്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ റോഡിന്റെ ഇരുവശങ്ങളിലും കരിങ്കൊടിയും പ്ലക്കാര്‍ഡുകളും സ്ഥാപിച്ചാണ് സൗഹൃദ കൂട്ടായ്മയുടെ പ്രതിഷേധം. റോഡിന്റെ നവീകരണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പല സംഘടനകളും പലതവണ നിവേദനങ്ങള്‍ നല്കിയിട്ടും ഫലമുണ്ടായില്ല. നാലരക്കോടി രൂപ ചെലവില്‍ നവീകരിക്കുന്ന കോളിക്കടവ്-കരിയാല്‍-പായം-കാടമുണ്ട റോഡിലെ ആദ്യഘട്ട പ്രവര്‍ത്തനം നടത്തിയ കാടമുണ്ട മുതല്‍ കരിയാല്‍ വരെയുള്ള മൂന്നുകിലോമീറ്റര്‍ റോഡാണ് കാല്‍നടയാത്രയ്ക്കുപോലും കഴിയാത്ത നിലയിലായത്. കഴിഞ്ഞ മഴക്കാലത്തിനു മുമ്ബാണ് കലുങ്ക് നിര്‍മാണവും പഴയ റോഡ് കിളച്ചുമാറ്റി പുതിയ റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്ന പണിയും തുടങ്ങി. നിര്‍മാണം ഇഴഞ്ഞുനീങ്ങിയപ്പോള്‍ കാലവര്‍ഷം ആരംഭിച്ചു. ഇതോടെ റോഡ് ചെളിക്കുളമായി. കാല്‍നടയാത്രയ്ക്ക് പോലും പറ്റാത അവസ്ഥ. അടിത്തറ ബലപ്പെടുത്തിയ മൂന്ന് കിലോമീറ്റര്‍ ഭാഗം ഉടന്‍ ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ക്കുമെല്ലാം പരാതി നല്‍കി. റോഡിന്റെ മുഴുവന്‍ ഭാഗവും ബലപ്പെടുത്തിയിട്ട് ടാറിങ്‌ നടത്താമെന്ന പിടിവാശിയിലാണ് അധികൃതര്‍. പൊടിശല്യംമൂലം കാല്‍നടയാത്രക്കാരും വിദ്യാര്‍ഥികളും റോഡിന് ഇരുവശങ്ങളിലുമുള്ള വീട്ടുകാരും വ്യാപാരികളും ദുരിതമനുഭവിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥയും നാട്ടുകാരുടെ ദുരിതവും കഴിഞ്ഞ ദിവസം 'മാതൃഭൂമി'യും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനാണ് കരിയാല്‍ മുതല്‍ പായം വരെ റോഡരികില്‍ കരിങ്കൊടി കെട്ടിയും പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചുള്ള നാട്ടുകൂട്ടത്തിന്റെ പ്രതിഷേധം. ജോഷി, രൂപേഷ്, വിപിന്‍, ഷിനോജ്, നിഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.