മുന്‍കരുതല്‍ നടപടികളില്ല; കാട്ടരുവികളില്‍ ജീവന്‍പൊലിയുന്നു




മേപ്പാടി: കാട്ടരുവികളില്‍ മുങ്ങിമരിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷംകഴിയുന്തോറും വര്‍ധിക്കുകയാണെങ്കിലും അപകടങ്ങള്‍തടയാന്‍ നടപടികളൊന്നുമില്ല. ഏറ്റവുമൊടുവില്‍ അഞ്ചുദിവസം മുമ്ബാണ് മേപ്പാടി നെല്ലിമുണ്ട പാലത്തിന് സമീപം ചുളിക്ക പുഴയില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചത്. കായംകുളത്തുനിന്ന് വയനാട് കാണാനെത്തിയ സഞ്ചാരികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞവര്‍ഷം മുണ്ടക്കൈ സീതമ്മക്കുണ്ടില്‍ ഒരു യുവാവ് മുങ്ങിമരിച്ചിരുന്നു. 2017-ലും ഇതേപുഴയില്‍ ഒരു യുവാവ് മരിച്ചു. മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ കാന്തംപാറയിലും വെള്ളക്കെട്ടില്‍വീണ് നിരവധി ടൂറിസ്റ്റുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.

വയനാട്ടില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകളില്‍ സഞ്ചാരികളെ ഏറ്റവുംകൂടുതല്‍ ആകര്‍ഷിക്കുന്നത് നിത്യജല സ്രോതസ്സുകളായ കാട്ടരുവികളാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ സൂചിപ്പാറ, കാന്തംപാറ, ചെമ്ബ്രാപീക്ക്, മീന്‍മുട്ടി തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഇത്തരം കാട്ടരുവികളുണ്ട്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, പൊഴുതന ഗ്രാമപ്പഞ്ചായത്തുകളിലെ കുന്നിന്‍പ്രദേശങ്ങള്‍ കാട്ടരുവികളാല്‍ സമ്ബന്നമാണ്. കോടതി വിധിയെത്തുടര്‍ന്ന് സൂചിപ്പാറ, ചെമ്ബ്രാപീക്ക് തുടങ്ങി വനംവകുപ്പ് നേരിട്ട് നടത്തുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടുവെങ്കിലും വയനാട് സന്ദര്‍ശിക്കുന്നവരില്‍ അധികംപേരും കാട്ടരുവികളില്‍ മുങ്ങിക്കുളിക്കാതെ പോകാറില്ല.

കാഴ്ചയില്‍ സുന്ദരമാണെങ്കിലും ഏതുനിമിഷവും അപകടങ്ങള്‍ സംഭവിച്ചേക്കാവുന്ന പാറക്കെട്ടുകളും വെള്ളംകെട്ടിനില്‍ക്കുന്ന ചതിക്കുഴികളും നിറഞ്ഞതാണ് ഈ കാട്ടരുവികള്‍. പക്ഷെ ഇക്കാര്യമൊന്നും അറിയാത്തവരാണ് വിനോദ സഞ്ചാരികള്‍. പെട്ടെന്നുള്ള കാഴ്ചയില്‍ ചെറിയ വെള്ളക്കെട്ടാണെന്ന് തോന്നുമെങ്കിലും കറുത്ത നിറത്തിലും കടുംപച്ച നിറത്തിലും കാണപ്പെടുന്ന ഇത്തരം വെള്ളക്കെട്ടുകളില്‍ പലതും രണ്ടും മൂന്നും ആള്‍ ആഴത്തിലുള്ളതാണ്. ഇവിടങ്ങളില്‍ കുളിക്കാനിറങ്ങുന്നവരാണ് വെള്ളക്കെട്ടില്‍ മുങ്ങിമരിക്കുന്നത്. നീന്താനറിയുന്നവര്‍പോലും ഇങ്ങനെ മരിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം മുണ്ടക്കൈ സീതമ്മക്കുണ്ടില്‍ ഒരു യുവാവ് വീണ് മരിച്ചപ്പോള്‍ മാത്രമാണ് ഇവിടേക്ക് വിനോദ സഞ്ചാരികളെ വിലക്കിയതായി അറിയിച്ചുകൊണ്ട് മേപ്പാടി

ഗ്രാമപ്പഞ്ചായത്ത് ചെറിയ ബോര്‍ഡ് സ്ഥാപിച്ചത്. മേപ്പാടിയില്‍ സൂചിപ്പാറ, ചൂരല്‍മല ഭാഗത്തേക്കുള്ള യാത്രയില്‍ നാലു കാട്ടരുവികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മിക്ക കാട്ടരുവികളുടെ പ്രദേശങ്ങളും വിജനപ്രദേശമായതിനാല്‍ അപകടം നടന്ന് ഏറെനേരം കഴിഞ്ഞായിരിക്കും പ്രദേശവാസികള്‍ ഇക്കാര്യം അറിയുന്നത്. അപ്പോഴേക്കും വിലപ്പെട്ട ജീവന്‍ നഷ്ടടപ്പെട്ടിട്ടുണ്ടാകും.

കാട്ടരുവികള്‍ക്ക് സമീപം അപകടസാഹചര്യങ്ങളെക്കുറിച്ച്‌ ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന അടയാളബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് നേരെ

ഗ്രാമപ്പഞ്ചായത്തുകളും വനം, വിനോദ സഞ്ചാരം തുടങ്ങിയ വകുപ്പുകളും മൗനം പാലിക്കുകയാണ്. മേപ്പാടി-ചൂരല്‍മല റൂട്ടില്‍ നെല്ലിമുണ്ട എത്തുന്നതിന് മുമ്ബ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിച്ച്‌ വിനോദസഞ്ചാരികളെ ബോധവാന്‍മാരാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ക്രിസ്മസ് അവധിയായതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ജില്ലയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കായിരിക്കും. അതുകൊണ്ടുതന്നെ കാട്ടരുവികളിലെ ചതിക്കുഴികളില്‍ മുങ്ങി അപകടങ്ങളുണ്ടാവാനും സാധ്യതയേറേയാണ്.