വീട്ടമ്മമാര്‍ക്കായി കൃഷിപാഠശാലകള്‍ തുടങ്ങും -മന്ത്രി വി.എസ്.സുനില്‍കുമാര്‍
കണ്ണൂര്‍: വീട്ടമ്മമാര്‍ക്കായി കൃഷിപാഠശാലാപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരമ്ബരാഗത കൃഷിരീതികളെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി സംസ്ഥാനത്തെ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചാണ് നടപ്പാക്കുക.
വീട്ടമ്മമാര്‍ക്ക് പരിശീലനംനല്‍കിയശേഷം വിത്തും തൈയും നല്‍കി വീട്ടുമുറ്റത്തുതന്നെ പോഷക പച്ചക്കറിത്തോട്ടം ഒരുക്കുന്നതാണ് പദ്ധതി. കര്‍ഷക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകും. അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ പോലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ പൂര്‍ണമായും ഒഴിവാക്കി കിസാന്‍ ക്രെഡിറ്റ് നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഒരുതരത്തിലും ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പദ്ധതികളെ സാമാന്യവത്കരിക്കരുത് -അദ്ദേഹം പറഞ്ഞു.
ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍ അധ്യക്ഷയായിരുന്നു. കെ.കെ.രാഗേഷ് എം.പി., എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനന്‍, കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി.ജോര്‍ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു. 'സുരക്ഷിത പച്ചക്കറി ഉത്പാദനത്തിന്റെ വാണിജ്യസാധ്യതകള്‍' എന്ന വിഷയത്തില്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.ജയരാജ് ക്ലാസെടുത്തു


0 Comments