ശ്രീകണ്ഠപുരം നഗരസഭയുടെ കെടുകാര്യസ്ഥത: എല്‍.ഡി.എഫ്. രാപകല്‍ സമരം തുടങ്ങി




ശ്രീകണ്ഠപുരം: നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ എല്‍.ഡി.എഫ്. നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങി. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എം.സി.രാഘവന്‍ അധ്യക്ഷനായി. വികസനത്തിനായി സര്‍ക്കാര്‍ നല്‍കിയ ഏഴരക്കോടിയോളം രൂപ നഷ്ടപ്പെടുത്തിയെന്നും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചെന്നും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട തുക വെട്ടിക്കുറച്ചെന്നും ആരോപിച്ചാണ് സമരം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എം.സി.ഹരിദാസന്‍, എം.രാജീവന്‍, എം.രമേശന്‍, പി.മാധവന്‍, പി.വി.ശോഭന, വി.സി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമരം ചൊവ്വാഴ്ച വൈകീട്ട് സമാപിക്കും.

സമരം നടത്തേണ്ടത് സര്‍ക്കാരിനെതിരെ- ചെയര്‍മാന്‍

ശ്രീകണ്ഠപുരം: എല്‍.ഡി.എഫ്. രാപ്പകല്‍സമരം നടത്തേണ്ടത് ശ്രീകണ്ഠപുരം നഗരസഭയ്ക്കെതിരെയല്ലെന്നും സംസ്ഥാന സര്‍ക്കാരിനെതിരെയാണെന്നും നഗരസഭാ ചെയര്‍മാന്‍ പി.പി.രാഘവന്‍. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാലാണ് പല കാര്യങ്ങളും കൃത്യമായി നടക്കാത്തത്.

തൊഴിലുറപ്പ് പദ്ധതി ഫണ്ടും പി.എം.എ.വൈ. ഫണ്ടും ഗ്യാസ് ശ്മശാനത്തിനുള്ള ഫണ്ടുമെല്ലാം സര്‍ക്കാരില്‍നിന്ന്‌ കിട്ടേണ്ടതുണ്ട്. അതൊന്നും കിട്ടാത്തതിനാല്‍ സാമ്ബത്തികവര്‍ഷം തീരാറാവുന്ന ഘട്ടത്തില്‍ പദ്ധതിയെ ബാധിക്കും. ആവശ്യത്തിന് ജീവനക്കാരെയും ഫണ്ടുകളും ലഭ്യമാക്കണമെന്ന് കാണിച്ച്‌ പലതവണ അപേക്ഷ നല്‍കുകയും മന്ത്രിമാരെ കാണുകയും ചെയ്തു. എന്നാല്‍ യു.ഡി.എഫ്. ഭരിക്കുന്ന നഗരസഭയായതിനാല്‍ രാഷ്ട്രീയ തരംതിരിവ് കാട്ടി അവഗണിക്കുകയാണ് ചെയ്തത്. സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കായിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.