നവീകരിച്ച പഴശി അണക്കെട്ടിന്റെ ഷട്ടറുകളില്‍ ചോര്‍ച്ച
മട്ടന്നൂര്‍: കോടികള്‍ ചെലവിട്ടു നവീകരിച്ച പഴശി അണക്കെട്ടിന്റെ ഷട്ടറില്‍ ചോര്‍ച്ചയ്ക്ക് ശമനമായില്ല. ചോര്‍ച്ച രൂക്ഷമായതോടെ ലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളമാണ് പാഴാകുന്നത്. അണക്കെട്ടിന്റെ ഷട്ടര്‍ ശോചനീയാവസ്ഥയിലായതോടെ ഏഴ് കോടിയോളം രൂപ ചെലവിട്ടാണ് മുഴുവന്‍ ഷട്ടറുകളും മാസങ്ങള്‍ക്ക് മുമ്ബ് മാറ്റി സ്ഥാപിച്ചത്. 16 ഷട്ടറുകളില്‍ പത്തു ഷട്ടറുകളിലാണ് ചോര്‍ച്ചയുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മിച്ച ഷട്ടറുകള്‍ ശോചനീയാവസ്ഥയിലായതോടെ ഡാമില്‍ ശേഖരിച്ച വെള്ളം ഒഴുകി പോകുകയാണ്. വേനല്‍കാലത്ത് ഡാമില്‍ ശേഖരിക്കുന്ന വെള്ളം ഒഴുകി പോകാന്‍ തുടങ്ങിയതോടെ ജനങ്ങളില്‍ പ്രതിഷേധം ഉണ്ടാകുകയും ചെയ്തതോടെ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാന്‍ ജലസേചന വകുപ്പ് ഫണ്ട് അനുവദിക്കുകയായിരുന്നു. കരാര്‍ ഏറ്റെടുത്തവര്‍ പഴയ മുഴുവന്‍ ഷട്ടറുകളും മാറ്റി പുതിയത് സ്ഥാപിച്ചിരുന്നുവെങ്കിലും ഈ ഷട്ടറുകളിലും ചോര്‍ച്ച രൂക്ഷമായിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത് പഴശി ഡാമില്‍ നിന്നാണ്. ചോര്‍ച്ച പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജില്ലയില്‍ കുടിവെള്ളക്ഷാമം ഉണ്ടാകുനുള്ള സാധ്യതയുണ്ട്. അതേ സമയം പ്രളയത്തില്‍ മലയോര മേഖലയില്‍നിന്ന് ഒഴുകിയെത്തിയ മരങ്ങള്‍ ഷട്ടറില്‍ വന്നിടിച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ച ഉണ്ടായതെന്നാണ് അധകൃതരുടെ വിശദീകരണം.


0 Comments