രാഹുല്‍ഗാന്ധി വ്യാഴാഴ്ചയെത്തും, വെള്ളിയും ശനിയും വയനാട്ടില്‍








കല്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി. വ്യാഴാഴ്ചയെത്തും. വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലും തിരുവമ്ബാടി മണ്ഡലത്തിലും വിവിധപരിപാടികളില്‍ പങ്കെടുത്തശേഷം രാത്രിയോടെ രാഹുല്‍ഗാന്ധി കല്പറ്റ ഗസ്റ്റ് ഹൗസിലെത്തും. വെള്ളിയാഴ്ച രാവിലെ 10.30-ന് മീനങ്ങാടി ചോലയില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എം.ഐ. ഷാനവാസ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും.

ബത്തേരിയില്‍ പാമ്ബുകടിയേറ്റ് മരിച്ച അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹ്‍ല ഷെറിന്‍ന്റെ വീട് 11.30-ന്‌ സന്ദര്‍ശിക്കും. 12.10-ന് ഷഹ്‍ലയ്ക്ക് പാന്പുകടിയേറ്റ സര്‍വജന സ്കൂളിലെത്തും. ഉച്ചയ്ക്ക് രണ്ടിന് വാകേരി ഹൈസ്കൂളില്‍ നിര്‍മിച്ച എം.എസ്.‍ഡി.പി. കെട്ടിടവും മൂന്നുമണിക്ക് കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യു.ഡി.എഫ്. കല്പറ്റ മണ്ഡലം കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യും. നാലിന് വൈത്തിരി ഗവ. ആശുപത്രിയിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. രാത്രി കല്പറ്റ ഗസ്റ്റ് ഹൗസില്‍ താമസിക്കും. ശനിയാഴ്ച രാവിലെ 10-ന് കല്പറ്റ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പുതുതായി പരിശീലനം ലഭിച്ച ദുരന്തനിവാരണ സേനാംഗങ്ങളെ രാഹുല്‍ഗാന്ധി കാണും. 11-ന് ബത്തേരിയില്‍ യു.ഡി.എഫ്. ബത്തേരി മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 12.10-ന്‌ ബത്തേരി അസംപ്ഷന്‍ ആശുപത്രിയില്‍ സൈക്യാട്രി-ഡി അഡിക്‌ഷന്‍ വിഭാഗം കെട്ടിടം ഉദ്ഘാടനംചെയ്യും. 1.30-ന് വെള്ളമുണ്ടയില്‍ യു.ഡി.എഫ്. മാനന്തവാടി മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 3.30-ന് മാനന്തവാടി ഫാര്‍മേഴ്സ് സര്‍വീസ് സഹകരണബാങ്കിന്റെ ലോണ്‍വിതരണം ഉദ്ഘാടനംചെയ്യും. 4.15-ഓടെ വയനാട്ടിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയശേഷം രാഹുല്‍ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകും.