നായിക്കാലി വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവൃത്തി 16 ന് മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്യും....




കൂടാളി പഞ്ചായത്തിലെ നായിക്കാലി ടൂറിസം പദ്ധതിക്ക്‌ 16ന‌് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തറക്കല്ലിടും.  പകൽ 2.30ന‌് പദ്ധതി പ്രദേശത്ത‌് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാകും.  ആദ്യഘട്ടം ആറുകോടി രൂപ ചെലവ‌് വരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ‌് നടക്കുക.  വളപട്ടണംപുഴയുടെ മണ്ണൂര്‍ ഭാഗത്ത്‌ കൂടാളി പഞ്ചായത്തിന്റെയും മട്ടന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തിയില്‍ ദ്വീപിന്‌ സമാനമായ സ്ഥലമാണ്‌ നായിക്കാലി. വ്യവസായമന്ത്രി ഇ പി ജയരാജന്‍ സമര്‍പ്പിച്ച പത്ത്‌ കോടി രൂപ ചെലവുവരുന്ന പ്രൊജക്ടിൽ  ആറുകോടിയുടെ ആദ്യഘട്ട പ്രവൃത്തിയാണ‌് ആരംഭിക്കുന്നത‌്.   വയനാട്ടിലെ കുറവ ദ്വീപിന്റെ മാതൃകയിലുള്ളതായിരിക്കും നായിക്കാലി വിനോദസഞ്ചാരകേന്ദ്രം. കുട്ടികളുടെ പാര്‍ക്ക്‌, തടികൊണ്ടുള്ള തൂക്കുപാലം, എഫ്‌ആര്‍പി പെടല്‍ ബോട്ടുകള്‍, പാര്‍ക്കിങ്‌ ഏരിയ, ഇരിപ്പിടങ്ങള്‍, സോളാര്‍ വിളക്കുകള്‍, കഫ്‌റ്റീരിയ, കയാക്ക്‌ സ്‌റ്റോറേജ്‌, കൈവരികള്‍, ട്രീ ഹട്ടുകള്‍, തടയണ, നടവഴികള്‍, മരപ്പാലം, വ്യൂപോയിന്റ്‌,ഫ്‌ളോട്ടിങ്‌ ബോട്ട്‌ ജെട്ടി, കമ്പിവേലി, സെക്യൂരിറ്റി ക്യാബിന്‍, കവാടം എന്നിവയാണ്‌ നിര്‍മിക്കുക. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും പത്ത്‌ കിലോമീറ്റര്‍ ദൂരമാണ്‌ നായിക്കാലിയിലേക്കുള്ളത്‌. നിലവില്‍ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ഒട്ടേറെപേര്‍ ഇവിടെ എത്തുന്നുണ്ട്‌. പ്രകൃതിഭംഗി നിലനിര്‍ത്തി പരിസ്ഥിതിക്ക്‌ കോട്ടം തട്ടാതെയാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ്‌ പദ്ധതിയാണ്‌  രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്‌. കൊച്ചി ആസ്ഥാനമായ ഡബ്ല്യുഎപിസിഒഎസ്‌ ലിമിറ്റഡാണ്‌ ഡിസൈന്‍ തയ്യാറാക്കിയത്‌.