ചാല-നടാല്‍ ബൈപ്പാസില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു; നാല്പതോളം പേര്‍ക്ക് പരിക്ക്
ചാല: ചാല-നടാല്‍ ബൈപ്പാസ് റോഡിലെ സ്വകാര്യ ആസ്പത്രിക്ക് സമീപം ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരിക്ക്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യബസ്സും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ബസ്സുകളുടെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവര്‍ ചാല, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആസ്പത്രികളില്‍ ചികിത്സതേടി. അപകടത്തെത്തുടര്‍ന്ന് ഈറൂട്ടിലെ ഗതാഗതം സ്തംഭിച്ചു. എടക്കാട് പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
ചാല ബൈപ്പാസിലെ അതിവേഗം തടയണം
ചാല: താഴെ ചൊവ്വ-നടാല്‍ ബൈപ്പാസില്‍ അതിവേഗം അപകടങ്ങള്‍ക്കിടവരുത്തുന്നു. ഒട്ടേറെ ജീവന്‍ പൊലിഞ്ഞിട്ടും വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല. താഴെ ചൊവ്വ മുതല്‍ ചാലക്കുന്ന് വരെയും ചാല ബൈപ്പാസ് കവല മുതല്‍ നടാല്‍ വരെയുമുള്ള ഭാഗത്ത് അതിവേഗത്തിലാണ് വാഹനങ്ങള്‍ പോകുന്നത്. ദീര്‍ഘദൂരബസ്സുകള്‍ ചെറിയ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തി കുതിക്കുന്നു.
റോഡ് നിയമങ്ങളൊന്നും പാലിക്കാതെയാണ് മിക്ക ദീര്‍ഘദൂരബസ്സുകളും ഒാടുന്നത്. എതിരെനിന്ന് വാഹനങ്ങള്‍ വരുമ്ബോള്‍പ്പോലും മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത് ഇവരുടെ പതിവാണ്. റോഡരികിലേക്ക് വാഹനങ്ങളിറക്കിയാണ് പലരും ജീവന്‍ രക്ഷിക്കുന്നത്. മുന്‍പ് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ചാല അമ്ബലം സ്റ്റോപ്പില്‍ വേഗനിയന്ത്രണസംവിധാനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീടത് എടുത്തുമാറ്റി. ചാലയിലെ സ്വകാര്യ ആസ്പത്രിക്കുസമീപം വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. എപ്പോഴും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണിവിടെയുള്ളത്. ഈ റോഡില്‍ വേഗനിയന്ത്രണസംവിധാനമേര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലൈറ്റിട്ടും ഹോണടിച്ചും പേടിപ്പിച്ചുള്ള യാത്ര
ചാല: അപകടങ്ങളൊഴിവാക്കാന്‍ കാല്‍നടയാത്രക്കാര്‍ റോഡിന്റെ വലതുവശം ചേര്‍ന്ന് നടക്കണമെന്നാണ് നിയമം. എന്നാല്‍, ചാല ബൈപ്പാസില്‍ ഇതുകൊണ്ടൊന്നും കാര്യമില്ല. ലൈറ്റിട്ടും ഹോണടിച്ചും ഭയപ്പെടുത്തിയാണ് മിക്ക സ്വകാര്യബസ്സുകളുടെയും യാത്ര.
ജീവന്‍ വേണമെങ്കില്‍ റോഡോരത്തെ കാട്ടില്‍ പാഞ്ഞുകയറേണ്ട അവസ്ഥയാണ്. സമയത്തിന് ഓടിയെത്താന്‍ കഴിയുന്നില്ലെന്ന വാദമാണ് സ്വകാര്യബസ് തൊഴിലാളികള്‍ പറയുക. റോഡില്‍ ക്യാമറ സ്ഥാപിച്ച് അതിവേഗത്തിലും അശ്രദ്ധമായും ഓടുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. റോഡരികിലെ സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ്ങും ജനങ്ങളുടെ സുരക്ഷിതയാത്രയ്ക്ക് തടസ്സമാവുന്നുണ്ട്.


0 Comments