ഓപ്പറേഷന്‍ തണ്ടര്‍: നിയമം ലംഘിച്ചത് 80 ടൂറിസ്റ്റ് ബസുകള്‍



മാനന്തവാടി: ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം കണ്ടെത്തുന്നതിനായി മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയ ടൂറിസ്റ്റ് ബസ് പരിശോധന ഓപ്പറേഷന്‍ തണ്ടറില്‍ 80 ബസുകള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. 28 മുതല്‍ 30 വരെയായിരുന്നു പരിശോധന. ടൂറിസ്റ്റ് ബസുകള്‍ തുടര്‍ച്ചയായി നിയമലംഘനങ്ങളും അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഓപ്പറേഷന്‍ തണ്ടര്‍ നടപ്പാക്കിയത്. ആര്‍.ടി.ഒ.യും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

മറ്റു ജില്ലകളില്‍ നിന്ന്‌ വന്ന ബസുകളിലാണ് കൂടുതലും നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. എല്‍.ഇ.ഡി. ലൈറ്റുകള്‍ ഘടിപ്പിച്ചത്, അധിക ശബ്ദത്തിലുള്ള സൗണ്ട് സിസ്റ്റം, ബസിലെ അലങ്കാരങ്ങള്‍, ഗ്രാഫിക്സ് വര്‍ക്കുകള്‍, മ്യൂസിക്കല്‍ എയര്‍ഹോണുകള്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ അഴിച്ചുമാറ്റാന്‍ പറ്റുന്നതരത്തിലുള്ള അലങ്കാരങ്ങള്‍, എയര്‍ഹോണുകള്‍ തുടങ്ങിയവ അധികൃതര്‍ പരിശോധനാ സമയത്ത് തന്നെ അഴിച്ചുമാറ്റുകയും ചെയ്തു. അഴിച്ചുമാറ്റാന്‍ സാധിക്കാത്തവ നിലവിലെ ട്രിപ്പിന് ശേഷം അഴിച്ചുമാറ്റി മോട്ടോര്‍വാഹന വകുപ്പ് അധികൃതരെ കാണിച്ചശേഷമേ ഓടാവൂ എന്ന് നിര്‍ദേശിച്ച്‌ നോട്ടീസും നല്‍കി.

ബസിലെ യാത്രക്കാര്‍ക്ക് അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, വിനോദയാത്രയ്ക്കായി വാഹനം തിരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കി.

പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് 135 വാഹനങ്ങള്‍

ഓപ്പറേഷന്‍ തണ്ടറിനൊപ്പം തന്നെ ശനിയാഴ്ച മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക വാഹനപരിശോധനയും നടത്തി. ടൂറിസ്റ്റ് ബസുകളെ കൂടാതെ 135 മറ്റു വാഹനങ്ങള്‍ നിയമ ലംഘനം നടത്തിയതായി കണ്ടെത്തി. ഹെല്‍മെറ്റ് ധരിക്കാത്തത്, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്, സൈലന്‍സറില്‍ അള്‍ട്രേഷന്‍ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങള്‍. വിവിധ കേസുകളിലായി ഒരു ലക്ഷത്തോളം രൂപ പിഴയീടാക്കി.

ശരിയായ സൈലന്‍സറുകളില്‍നിന്ന്‌ അന്തരീക്ഷ മലീനീകരണം അധികം ഉണ്ടാക്കാത്ത തരത്തിലുള്ള ശുദ്ധീകരിച്ച പുകയാണ് പുറംതള്ളുന്നത്. എന്നാല്‍ അള്‍ട്രേഷന്‍ ചെയ്ത സൈലന്‍സറിലൂടെ പുറംതള്ളുന്ന പുക രൂക്ഷമായ അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുന്നുണ്ട്. ഇത്തരം സൈലന്‍സര്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.

നിര്‍ദേശങ്ങള്‍ നല്‍കും

വിനോദയാത്രയ്ക്കിടെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതിനെക്കുറിച്ച്‌ വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും വരും ദിവസങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കും. വാഹനം തിരഞ്ഞെടുക്കുമ്ബോള്‍ പാലിക്കേണ്ട കാര്യങ്ങള്‍, യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെ ക്കുറിച്ചും വിശദീകരിക്കും.

- എം.പി. ജെയിംസ്,

ആര്‍.ടി.ഒ. വയനാട്.

ഓപ്പറേഷന്‍ തണ്ടറില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍

നിയമലംഘനങ്ങള്‍-എണ്ണം

1. എല്‍.ഇ.ഡി. ലൈറ്റ് ഘടിപ്പിച്ചത്- 30

2. സൗണ്ട് സിസ്റ്റം - 20

3. ഗ്രാഫിക്സ്/അലങ്കാരങ്ങള്‍ ‍- 16

4. മ്യൂസിക്കല്‍ എയര്‍ഹോണ്‍- 14

സ്പെഷ്യല്‍ ചെക്കിങ്ങിലെ നിയമലംഘനങ്ങള്‍

നിയമലംഘനങ്ങള്‍-എണ്ണം

1. ഹെല്‍മെറ്റ് ധരിക്കാത്തത്- 22.

2. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 12.

3. ലൈസന്‍സ് ഇല്ലാത്തത്- 16.

4. സൈലന്‍സര്‍ അള്‍ട്രേഷന്‍- 24.