വളവുപാറ റോഡ് നിർമ്മാണം - പുരോഗതി വിലയിരുത്താൻ കെ എസ് ടി പി പ്രോജക്റ്റ് ഡയറക്ടറെത്തി - റോഡ് നവീകരണം മെയ് മുപ്പത്തിനുള്ളിൽ പൂർത്തിയാകും






തലശ്ശേരി - വളവുപാറ റോഡ് നിർമ്മാണം - പുരോഗതി വിലയിരുത്താൻ കെ എസ് ടി പി പ്രോജക്റ്റ് ഡയറക്ടറെത്തി - റോഡ് നവീകരണം മെയ് മുപ്പത്തിനുള്ളിൽ പൂർത്തിയാകും



ഇരിട്ടി: കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന  തലശ്ശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവ്യത്തി മെയ് 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.എസ്.ടി.പി പ്രൊജക്ടറ്റ് ഡയരക്ടര്‍ കരാര്‍  കമ്പിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് റിച്ചുകളായി നടക്കുന്ന പ്രവ്യത്തിയുടെ പുരോഗതി വിലയിരുത്താന്‍ ഇരിട്ടിയിൽ എത്തിയ പ്രൊജക്ടറ്റ് ഡയരക്ടര്‍ ഡോ. രാജമാണിക്യമാണ് 30നുള്ളില്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള ഒന്നാം റിച്ചും കളറോഡ് മുതല്‍ കൂട്ടുപുഴ വളവുപാറ വരെയുമുള്ള രണ്ട് റീച്ചുകളായാണ്  പ്രവ്യത്തി നടക്കുന്നത് .
ഇരിട്ടി , കൂട്ടൂപുഴ ഉള്‍പ്പെടെ ഏഴ് പാലങ്ങളുടേയും 52 കിലോമീറ്റര്‍ റോഡിന്റെയും നിര്‍മ്മാണം 2018 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. രണ്ട് തവണ കരാര്‍  കലാവധി നീട്ടി നല്‍കിയിട്ടും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതില്‍ പരാതി ഉയര്‍ന്നിരുന്നു. തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള പ്രവ്യത്തിയിലെ കാലതാമസമാണ് പരാതിക്കിടയാക്കിയത്. ഇതോടൊപ്പം ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിര്‍മ്മാണ പ്രതിസന്ധിയും നേരിട്ടു മനസിലാക്കുന്നതിനാണ് രാജമാണിക്യം എത്തിയത്. സണ്ണിജോസഫ് എം.എല്‍.എ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പ്രൊജക്ടറ്റ് ഡയരക്ടറോട് ആവശ്യപ്പെട്ടിരുന്നു.
 ഇരിട്ടി പാലം നിര്‍മ്മാണത്തിനായി പുഴയില്‍ മണ്ണിടുന്നതിനെതിരെനിരവധിയായ  പരാതികൾ  ഉയര്‍ന്നിരുന്നു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രൊജക്ടറ്റ് ഡയരക്ടര്‍ അവശേഷിക്കുന്ന പ്രവ്യത്തി മെയ് 30 നുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചു. കരാല്‍ കമ്പിനി റസിഡന്റ് എഞ്ചിനീയര്‍ പി.എന്‍ . ശശികുമാര്‍, കെ എസ് ടി പി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജയ, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി. സതീശന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ .കെ. ദിവാകരന്‍  എന്നിവർ സ്ഥലത്തെത്തിയിരുന്നു.

  കൂട്ടുപുഴ പാലം നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും.

കര്‍ണ്ണാടക വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ  അനുമതി കിട്ടിയതിനാല്‍ നാഷണല്‍ വൈര്‍ഡ് ലൈഫ് ബോര്‍ഡിന്റെ  അന്തിമാനുമതി ലഭിക്കുന്നതിന് മുന്‍മ്പ് തന്നെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമോയെന്നകാര്യം പരിശോധിച്ചു വരികയാണെന്ന് പ്രൊജക്റ്റ് ഡയരക്ടര്‍ പറഞ്ഞു. കര്‍ണ്ണാകട വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി പത്രം കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജിയണ്‍തല എംപവേര്‍ഡ് കമ്മിറ്റി അംഗീകരിക്കുക എന്ന നടപടി ക്രമം മാത്രമാണ് മുന്നിലുള്ളത്. നേരത്തെ ബെംഗ്‌ളൂരുവില്‍ നടന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജിയണ്‍തല  യോഗത്തില്‍  പാലത്തിന് അനുകൂലമായ പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണ്ണാടക വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി പത്രത്തില്‍ കഴിഞ്ഞ ദിവസം കര്‍ണ്ണാട മുഖ്യമന്ത്രി ഒപ്പിട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അയച്ചിട്ടുണ്ട്.