സംയുക്‌ത പ്രതിഷേധം: യു.ഡി.എഫ്‌. പുകയുന്നു





തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേ സര്‍ക്കാരുമായി ചേര്‍ന്നു നടത്തിയ പ്രതിഷേധത്തെ യു.ഡി.എഫ്‌. തള്ളിപ്പറഞ്ഞതില്‍ മുസ്ലിംലീഗിന്‌ അമര്‍ഷം. കോണ്‍ഗ്രസിനുള്ളിലും ഭിന്നസ്വരം.
18-ന്‌ നടത്തിയ പ്രക്ഷോഭത്തിനെതിരേ യു.ഡി.എഫ്‌ കണ്‍വീനറും കെ.പി.സി.സി പ്രസിഡന്റും പരസ്യമായി രംഗത്തുവന്നതോടെയാണ്‌ ലീഗ്‌ നിലപാട്‌ കടുപ്പിക്കുന്നത്‌. രാജ്യത്തെ ഒന്നാകെ ബാധിക്കുന്ന വിഷയത്തില്‍ കലഹിച്ചു നില്‍ക്കുന്നതിനു പകരം ഒന്നിച്ചുനിന്നാണ്‌ എതിര്‍ക്കേണ്ടതെന്നാണ്‌ ലീഗ്‌ കേന്ദ്രങ്ങള്‍ പറയുന്നത്‌.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്ത്‌ ഇനിയും സംയുക്‌ത സമരങ്ങള്‍ വേണമെന്ന്‌ മുസ്ലിംലീഗ്‌ നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ പ്രസ്‌താവിച്ചു. സംയുക്‌ത പ്രതിഷേധം ആസൂത്രണം ചെയ്‌തിരുന്നില്ലെങ്കില്‍ കേരളത്തില്‍ വിഷയം മറ്റു തലത്തിലേക്കു പോകുമായിരുന്നു. മുസ്ലിം തീവ്രവാദസംഘടനകള്‍ ഇത്‌ മുതലാക്കാനുള്ള നീക്കമാണു നടത്തിയത്‌. അന്ന്‌ അത്തരത്തിലൊരു തീരുമാനം എടുത്തതുകൊണ്ടുമാത്രമാണ്‌ അടുത്തദിവസം നടന്ന ഹര്‍ത്താലിന്റെ വീര്യം കുറഞ്ഞതെന്നും ലീഗ്‌ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സമസ്‌തയ്‌ക്കുള്ളില്‍ പോലും വിഭാഗീയതയുണ്ടാക്കാന്‍ നീക്കമുണ്ടായിരുന്നു.
സംയുക്‌തപ്രതിഷേധത്തിന്റെ പേരില്‍ പ്രതിപക്ഷനേതാവിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാനുള്ള നീക്കം ആസൂത്രിതമാണെന്ന്‌ ഐ ഗ്രൂപ്പും ചൂണ്ടിക്കാട്ടുന്നു. അങ്ങനെയൊരു തീരുമാനം എടുക്കും മുമ്ബ്‌ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചചെയ്‌തിരുന്നതാണ്‌. അവിടെ സമ്മതിച്ചശേഷം യു.ഡി.എഫ്‌ കണ്‍വീനര്‍ ബെന്നി ബഹനാന്‍ പത്രസമ്മേളനം വിളിച്ച്‌ അതിനെ തള്ളിപ്പറഞ്ഞത്‌ ശരിയായില്ല. കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞതും ആസൂത്രിതമാണെന്ന്‌ ഇവര്‍ ആരോപിക്കുന്നു.ഇതേസമയം, സംയുക്‌തസമരത്തിനു മുന്‍കൈയെടുത്തതില്‍ പ്രതിപക്ഷനേതാവിനെ അഭിനന്ദിച്ച്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തലസ്‌ഥാനത്ത്‌ പോസ്‌റ്ററുകളും ബാനറുകളും കട്ടൗട്ടുകളും ഉയര്‍ന്നുതുടങ്ങി.