ഗ്യാസ് സിലിന്‍ഡറുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു;


നടുവില്‍: മലയോര ഹൈവേയില്‍ താഴത്തങ്ങാടി വളവില്‍ ഗ്യാസ് സിലിന്‍ഡറുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.30നാണ് അപകടം നടന്നത്. റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്ത് 15 അടിയോളം താഴേക്ക് മറിയുകയായിരുന്നു. മൂന്നുവയസ് പ്രായമുള്ള നിരവധി റബ്ബര്‍ മരങ്ങളും നശിച്ചു. ചെറുപുഴയില്‍നിന്ന്‌ മൈസൂരുവിലേക്ക് പോവുകയായിരുന്നു ലോറി. കാലി സിലിന്‍ഡറുകളാണ് ലോറിയിലുണ്ടായിരുന്നത്. കോഴിക്കോട് സ്വദേശികളാണ് ജീവനക്കാര്‍. അപകടസ്ഥലത്തുനിന്ന് ഇവര്‍ രാത്രിയില്‍ത്തന്നെ സ്ഥലംവിട്ടു.

താഴത്തങ്ങാടി അപകട വളവ്

നടുവിലിനും കരുവഞ്ചാലിനുമിടയിലെ അപകട വളവുകളിലെന്നാണ് താഴത്തങ്ങാടി. റോഡ് പണി തീര്‍ന്നതിനുശേഷം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അരിക്‌ കെട്ടി ഉയര്‍ത്തി ക്രാഷ് ബാരിയര്‍ സ്ഥാപിക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. ദിശാ സൂചന നല്‍കുന്ന ബോര്‍ഡ് സ്ഥാപിച്ച്‌ നാളുകള്‍ക്കകം വാഹനമിടിച്ച്‌ നശിച്ചിരുന്നു.

തെരുവുവിളക്കുകളില്ല. കാര്യാട്ട് വളവ്, ബാലവാടി വളവ്, താഴത്തങ്ങാടി വളവ് എന്നിവ അപകടകേന്ദ്രങ്ങളായേക്കുമെന്ന് മാതൃഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷം സുരക്ഷാസംവിധാനം വര്‍ധിപ്പിച്ച റോഡിലാണ് ഞായറാഴ്ച അപകടം നടന്നത്.