തീ വന്നാല്‍ തീര്‍ന്നു.... നോട്ടീസ് നല്‍കിയത് 1100 കെട്ടിടങ്ങള്‍ക്ക്
കണ്ണൂര്‍: ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളടക്കമുള്ള കെട്ടിടങ്ങളില്‍ അഗ്നിസുരക്ഷാസംവിധാനം ദുര്‍ബലം. മിക്ക കെട്ടിടങ്ങളിലും അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ ഇല്ല. കെട്ടിടനിര്‍മാണസമയത്ത് പേരിന് മാത്രം ഉപകരണങ്ങള്‍ സ്ഥാപിക്കുകയും പിന്നീട് അവ തുരുമ്ബെടുക്കുന്ന കാഴ്ച പലയിടത്തുമുണ്ട്. ജില്ലാ അഗ്നിരക്ഷാസേന കഴിഞ്ഞവര്‍ഷം നടത്തിയ പ്രത്യേക പരിശോധനയില്‍ 1100 കെട്ടിടഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അഗ്നിരക്ഷാഉപകരണങ്ങളടക്കം സ്ഥാപിക്കാത്ത കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടപടി എടുക്കുന്നതിന് വേണ്ടി ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്കും അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കി.
റിപ്പോര്‍ട്ട് പ്രകാരം മിക്ക കെട്ടിടങ്ങളുടെയും സ്ഥിതി ഭയാനകമാണ്. തീ പിടിച്ചാല്‍ ഇറങ്ങിയോടാന്‍ പോലും സൗകര്യമില്ലാത്ത കെട്ടിടങ്ങളുണ്ടെന്ന് അധികൃതര്‍ പറയുന്നു. നോട്ടീസ് നല്‍കിയിട്ടും ലൈസന്‍സ് (നിരാക്ഷേപ പത്രം) പുതുക്കാത്ത സര്‍ക്കാര്‍ കെട്ടിടങ്ങളും പട്ടികയിലുണ്ട്. അഗ്നിബാധയെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും ശമിപ്പിക്കുന്നതിനും വേണ്ടിയുള്ള സ്ഥിരം അഗ്നിശമന ഉപാധികള്‍(ഫിക്സഡ് ഫയര്‍ ഫൈറ്റിങ് ഇന്‍സ്റ്റലേഷന്‍സ്) പലയിടത്തുമില്ല.
കെട്ടിടനിര്‍മാണ ചട്ട പ്രകാരം കെട്ടിടത്തിന്റെ ഉയരത്തിനനുസരിച്ച് അഗ്നിശമനസംവിധാനം വേണം. അത് പാലിക്കാത്ത സ്വകാര്യ കെട്ടിടങ്ങളുണ്ട്. വാഹനങ്ങള്‍ കയറ്റാന്‍ പോലും സ്ഥലമില്ലാത്ത കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടാണ് ഫയര്‍ഫോഴസ് നല്‍കിയിട്ടുള്ളത്. ജില്ലയില്‍ അടുത്തിടെ രണ്ട് വലിയ തീപ്പിടിത്തങ്ങളാണ് ഉണ്ടായത്. വ്യാപാരസ്ഥാപനങ്ങളിലാണ് തീ പിടിച്ചത്.
എതിര്‍പ്പില്ലാ രേഖ
കെട്ടിടം നിര്‍മിക്കുമ്ബോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവാദം നല്‍കണമെങ്കില്‍ ഫയര്‍ഫോഴ്‌സ് അധികൃതരുടെ എതിര്‍പ്പില്ലാരേഖ വേണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ രാംകുമാര്‍ പറഞ്ഞു. അതത് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ പ്ലാന്‍ നോക്കി സ്ഥലം സന്ദര്‍ശിക്കും. ഫയര്‍ഫോഴ്‌സിന് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനാവശ്യമായ സ്ഥലം, കൃത്യമായ ഗോവണികള്‍, വൈദ്യുത ലൈന്‍ പ്രശ്നങ്ങള്‍, മറ്റ് സുരക്ഷാസംവിധാനങ്ങള്‍ പ്ലാനില്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തിയതിനുശേഷമാണ് അനുവദിക്കുക. കെട്ടിടങ്ങള്‍ വര്‍ഷാവര്‍ഷം ഇത് പുതുക്കി നിരാക്ഷേപ പത്രം കൈപ്പറ്റുകയും വേണം. എന്നാല്‍, ഇത് പാലിക്കാത്ത സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അടക്കം ജില്ലയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


0 Comments