ലക്ഷങ്ങള്‍ വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷം കൊണ്ട് തിരിച്ചറിഞ്ഞതാണ്; മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
പൌരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷങ്ങള്‍ വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷം കൊണ്ട് തിരിച്ചറിഞ്ഞതാണ്. മോദി ഇന്ന് ഒറ്റയ്ക്ക് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ നടത്തിയ സത്യഗ്രഹ സമര വേദിയിലായിരുന്നു രാഹുലിന്റെ വിമര്‍ശം.
രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് രാജ്ഘട്ടിലെ സത്യഗ്രഹ സമര വേദിയില്‍ ചുരുക്കം വാക്കുകളിലാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. ബ്രിട്ടീഷുകാര്‍ അടക്കമുള്ളവര്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ രാജ്യം ഒന്നടങ്കം അതിനെ എതിര്‍ത്തതാണ് എന്നാല്‍ മോദി ഇന്ന് ഒറ്റയ്ക്ക് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന നിലപാട് ആവര്‍ത്തിച്ചും ഭരണഘടന മൂല്യങ്ങള്‍ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തിയുമായിരുന്നു സത്യഗ്രഹ സമരം. ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു ആരംഭം. സോണിയ ഗാന്ധി ,മന്‍ മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.കെ ആന്റണി എന്നിവര്‍ ആമുഖ വായനയ്ക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തകരുടെ വലിയ സംഘവും സത്യഗ്രഹത്തിന്റെ ഭാഗമായി.


0 Comments