മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട വ്യാപാരിയെ ഹോട്ടിലിലെത്തിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ നർത്തകി പിടിയിൽ. വ്യാപാരിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു സ്വർണവും പണവും കാറും യുവതിയും സംഘവും തട്ടിയെടുത്തിരുന്നു. തിരുപ്പൂർ അമ്മാപാളയം സ്വദേശിനി സുധ (30), പാലക്കാട് സ്വദേശി സെന്തിൽകുമാർ (55), ചിറ്റൂർ സ്വദേശികളായ സതീഷ് (31), കമാൽ (45), അജയൻ (56) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂർ സ്വദേശിയായ വസ്ത്രവ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബർ 30നാണു കേസിനാസ്പദമായ സംഭവം.

ബെംഗളൂരു ഉൾപ്പെടെ വൻ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ നർത്തകിയായ യുവതി 6 മാസം മുൻപാണു വ്യാപാരിയെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു വലയിൽ വീഴ്ത്തിയത്. തുടർന്നു യുവതി പുതുവർഷ ആഘോഷത്തിനായി ആനമലയിലെ റിസോർട്ടിലേക്ക് വ്യാപാരിയെ ക്ഷണിച്ചു. ഇരുവരുമൊത്തുള്ള വിഡിയോ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ ശേഷം മുറിയിലെത്തിയ സുഹൃത്തുക്കൾ പണം ആവശ്യപ്പെട്ട് വ്യാപാരിയെ ഭീഷണിപ്പെടുത്തുകയും അഞ്ച് പവൻ സ്വർണമാല തട്ടിയെടുക്കുകയും എടിഎമ്മിലെ 30,000 രൂപ പിൻവലിക്കുകയും ചെയ്തു.

തുടർന്ന് മർദിച്ച് അവശനാക്കി വ്യാപാരിയെ റോഡിൽ ഇറക്കി വിട്ടു കാറുമായി കടന്നു കളയുകയായിരുന്നു. തുടർന്നും പണം ആവശ്യപ്പെട്ടു വ്യാപാരിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ ആളിയാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മീനാക്ഷിപുരം ചെക്പോസ്റ്റിൽ പിടിയിലായത്. യുവതിയുടെ കെണിയിൽ ഒട്ടേറെ പേർ കുടുങ്ങിയതായും കൂടുതൽ അന്വേഷണം നടത്തി വരുന്നതായും ആളിയാർ പൊലീസ് അറിയിച്ചു . പ്രതികൾ റിമാൻഡിൽ.