ഇരിട്ടി പാലം: രണ്ടാം സ്പാനിന്റെ കോണ്‍ക്രീറ്റ്  പ്രവൃത്തി തുടങ്ങി

ഇരിട്ടി: ഇരിട്ടി പുതിയപാലത്തിന്റെ രണ്ടാം സ്പാനിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. പായം പഞ്ചായത്തിന്റെ അധീനതയില്‍വരുന്ന തൂണുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ ഉപരിതല കോണ്‍ക്രീറ്റിനുള്ള സ്ട്രക്ചര്‍ കോണ്‍ക്രീറ്റാണ് വെള്ളിയാഴ്ച നടത്തിയത്. ഒരുമാസത്തിനുള്ളില്‍ത്തന്നെ ഉപരിതല വാര്‍പ്പും പൂര്‍ത്തിയാക്കും. മൂന്ന് സ്പാനുകളിലായി 144 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന്റെ 48 മീറ്റര്‍ ഉപരിതലവാര്‍പ്പ് രണ്ടുമാസം മുമ്ബ് പൂര്‍ത്തിയാക്കിയിരുന്നു. ഇരിട്ടി ടൗണിനോട് ചേര്‍ന്ന ഭാഗത്തെ പ്രവൃത്തിയാണ് നേരത്തെ പൂര്‍ത്തിയാക്കിയത്. പായം ഭാഗത്തെ സ്പാനുകളുടെ പ്രവൃത്തികൂടി പൂര്‍ത്തിയാകുന്നതോടെ പാലത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്ന് പറയാം.
മൂന്നുവര്‍ഷം മുന്‍പാണ് കെ.എസ്.ടി.പി. റോഡ് വികസനപദ്ധതി പ്രകാരം ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പുഴയിലെ വെള്ളപൊക്കവും മറ്റും കാരണം പൈലിങ്ങ് ഒഴുകിപ്പോകുന്ന ഘട്ടംവരെ ഉണ്ടായി. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇപ്പോഴത്തെനിലയില്‍ എത്തിനില്ക്കുന്നത്. മേയ്സത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കുന്ന നിലയില്‍ എത്തിക്കുമെന്ന് കരാര്‍ കമ്ബിനി അധികൃതര്‍ പറഞ്ഞു. പാലം ജങ്ഷന്‍ വീതികൂട്ടുന്ന പ്രവ്യത്തിയും അന്തിമഘട്ടത്തിലാണ്. ഒന്നര ഏക്കറോളം സ്ഥലം അധികമായി ഏറ്റെടുത്താണ് ജംങ്‌ഷനിലെ അപകടസാധ്യത കുറയ്ക്കാന്‍ റോഡ് വീതികൂട്ടുന്നത്. കുന്നിടിച്ച്‌ നിരപ്പാക്കുന്ന പ്രവ്യത്തി പൂര്‍ത്തിയായി.