ധനരാജ് ഫുട്ബോള്‍: ഗാലറി തകര്‍ന്ന് 60 പേര്‍ക്ക് പരിക്ക്; മത്സരം ഉപേക്ഷിച്ചു

പാലക്കാട്: ഫുട്ബോള്‍ മത്സരത്തിനായി ഒരുക്കിയ ഗാലറി ഞായറാഴ്ച രാത്രി തകര്‍ന്നുവീണ് അറുപതോളം പേര്‍ക്ക് പരിക്കേറ്റു. നൂറണി ടര്‍ഫ് സ്റ്റേഡിയത്തില്‍ പ്രമുഖ ഫുട്ബോള്‍ താരങ്ങളായ ബൈച്ചുങ് ബൂട്ടിയ, ഐ.എം. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കാനിരുന്ന പ്രദര്‍ശനമത്സരം തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്കുമുമ്ബാണ് സ്റ്റേഡിയത്തിന് കിഴക്കുവശത്ത് കാണികള്‍ തിങ്ങിനിറഞ്ഞ ഗാലറി തകര്‍ന്നുവീണത്. രണ്ടാംതവണയാണ് നൂറണിയില്‍ ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് ഗാലറി വീഴുന്നത്.

അന്തരിച്ച മുന്‍ ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായാണ് കെ.എഫ്.എ. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സരം സംഘടിപ്പിച്ചത്. പരിക്കേറ്റവരെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. നാലുപേരുടെ കാലിനും കൈക്കും പൊട്ടലുണ്ട്.

പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഇബ്രാഹിം, ഉമ്മര്‍ എന്നിവര്‍ക്കാണ് അസ്ഥിക്ക് പൊട്ടലേറ്റത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.

ഞായറാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഏഴുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഫുട്ബോള്‍ മത്സരം സെലിബ്രിറ്റി താരങ്ങള്‍ എത്താന്‍ വൈകിയതോടെ ഒരുമണിക്കൂറിലേറെ താമസിച്ചു. ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന വി.കെ. ശ്രീകണ്ഠന്‍ എം.പി. പ്രസംഗിക്കുന്നതിനിടെയാണ് ഗാലറി പൂര്‍ണമായും തകര്‍ന്നുവീണത്.

ബലപ്പെടുത്താത്ത ഗാലറിയില്‍ അറുന്നൂറിലേറെപ്പേര്‍

കമുക് ഉപയോഗിച്ച്‌ നിര്‍മിച്ച ഗാലറിയുടെ നിര്‍മാണം മുക്കാല്‍ഭാഗം മാത്രമാണ് പൂര്‍ത്തിയായിരുന്നത്. ഇതിനാല്‍ കാലുകളില്‍ കമുകുപലകകള്‍ ബലപ്പെടുത്തി കെട്ടിയിരുന്നില്ല. ഒരാഴ്ചമുമ്ബാണ് ഗാലറിനിര്‍മാണം തുടങ്ങിയതെന്നും ധൃതിപിടിച്ച്‌ സുരക്ഷ ഉറപ്പാക്കാതെ നടത്തിയ നിര്‍മാണം അവസാനനിമിഷവും പൂര്‍ത്തിയാക്കാനാവാത്തതാണ് അപകടത്തിനിടയാക്കിയതെന്നും കാണികള്‍ പറഞ്ഞു.

ഗാലറിയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വൊളന്റിയര്‍മാരെ നിയമിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.

അറുന്നൂറിലേറെ ആളുകള്‍ ഒരേസമയം തിങ്ങിനിറഞ്ഞതോടെ ഭാരം താങ്ങാനാവാതെയാണ് ഗാലറി വീണതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പരിചയസമ്ബന്നരായ പണിക്കാരെയാണ് ചുമതല ഏല്‍പ്പിച്ചിരുന്നതെന്ന് കെ.എഫ്.എ. ജില്ലാപ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എ. പറഞ്ഞു.