ആറുവര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതൃസഹോദരി പൊതുവേദിയില്‍. വധശിക്ഷക്ക് വിധിച്ചെന്നും ക്രൂരമായി കൊലപ്പെടുത്തിയെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് കിം ക്യോങ് ഹുയ് (73) കിമ്മിനൊപ്പം പൊതുവേദിയിലെത്തിയത്. . ചാന്ദ്രപുതുവർഷാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിലെ പ്രധാന അതിഥികളിൽ ഒരാളായി കിം ക്യോങ് എത്തിയത്.
കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ ഒരേയൊരു സഹോദരിയാണിവർ. ചിത്രങ്ങള്‍ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കിം ജോങ് ഉന്നിനും ഭാര്യ റി സോൾ ജുവിനും ഒപ്പമിരുന്നായിരുന്നു സംജിയോൻ തിയറ്ററിലെ ആഘോഷങ്ങൾക്ക് കിം ക്യോങ് സാക്ഷ്യം വഹിച്ചത്.
2008ൽ കിം ജോങ് രണ്ടാമന് മസ്തിഷ്കാഘാതം ഉണ്ടായതിനു പിന്നാലെ കിം ജോങ് ഉന്നിനെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നതില്‍ കിം ക്യോങ്ങിന് നിര്‍ണായക പങ്കുണ്ടെന്നാണ് കരുതുന്നത്. ഹൃദയാഘാതത്താൽ പിതാവ് മരിച്ചപ്പോൾ 2011ൽ കിം ജോങ് ഉൻ അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ 2013 ഡിസംബറിൽ ചാരപ്രവർത്തനം ആരോപിച്ച് കിം ക്യോങ്ങിന്റെ ഭർത്താവ് ജങ് സോങ്ങിനെ കിം വധശിക്ഷയ്ക്കു വിധിച്ചതോടെയാണ് അഭ്യൂഹങ്ങൾക്കു ശക്തി പ്രാപിച്ചത്. കിം കഴിഞ്ഞാല്‍ രാജ്യത്തെ ശക്തനായ രണ്ടാമത്തെ നേതാവായിരുന്നു ജങ് സോങ്.
2013ൽ കിം ജോങ് രണ്ടാമന്റെ രണ്ടാം ചരമവാർഷികാചരണ ചടങ്ങിലും കിം ക്യോങ്ങിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഔദ്യോഗിക ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎയിൽ പിന്നീട് അവരുമായി ബന്ധപ്പെട്ട യാതൊരു വാർത്തകളും വന്നതുമില്ല. കിം ക്യോങ് മരിച്ചതായി വാർത്തകളും വന്നുതുടങ്ങി. അവരെ വധശിക്ഷയ്ക്കു വിധിച്ചെന്നും അതല്ല ആരോഗ്യപ്രശ്നങ്ങളാണെന്നും റിപ്പോർട്ടുകളുണ്ടായി.
യുഎസിനെതിരെ ഉൾപ്പെടെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായി കുടുംബത്തിന്റെ പിന്തുണയും തനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കാനാണ് പുതിയ നീക്കമെന്നാണു നിരീക്ഷകർ പറയുന്നത്. ക്രൂരനായ ഏകാധിപതി എന്ന പേരിൽ നിന്നു തൽക്കാലത്തേക്കെങ്കിലും രക്ഷ നേടാനും കിം ജോങ് ഉൻ ശ്രമിക്കുന്നതായി അവർ വ്യക്തമാക്കുന്നു.
0 Comments