ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍നിന്ന് വാങ്ങാവുന്ന മദ്യം ഒരുകുപ്പിയായി ചുരുക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ, നികുതിരഹിത ഷോപ്പുകളില്‍ (ഡ്യൂട്ടി ഫ്രീ ഷോപ്പ്) നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് ഒരു കുപ്പിയായി കുറയ്ക്കാനും സിഗററ്റ് കാര്‍ട്ടണുകള്‍ വില്‍ക്കുന്നത് നിരോധിക്കാനും വാണിജ്യമന്ത്രാലയം ശുപാര്‍ശ ചെയ്തു. അത്യാവശ്യമില്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം.

രാജ്യാന്തര യാത്രക്കാര്‍ക്ക് നിലവില്‍ ഒരു സിഗരറ്റ് കാര്‍ട്ടണും രണ്ട് ലിറ്റര്‍ മദ്യവും നികുതിയില്ലാതെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വാങ്ങാനാവും. ഇത് പരിമിതപ്പെടുത്താനാണ് നിര്‍ദേശം. മറ്റു പല രാജ്യങ്ങളിലും ഒരു ലിറ്റര്‍ മദ്യവും ഒരു സിഗററ്റ് കാര്‍ട്ടണും മാത്രമേ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവൂവെന്ന രീതി പിന്തുടരാനാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത്. സാധാരണഗതിയില്‍ നികുതിരഹിത കടകളില്‍നിന്ന് 50,000 രൂപയുടെ വരെ സാധനങ്ങള്‍ വാങ്ങാം. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ വിപുലീകരണവും ഉത്പാദനവളര്‍ച്ചയും ലക്ഷ്യമിട്ട് കടലാസ്, ചെരിപ്പ്, റബ്ബര്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് തീരുവയുയര്‍ത്താനും ശുപാര്‍ശയുണ്ട്.