പ്രളയ മുന്‍കരുതല്‍: വിവരശേഖരണം തുടങ്ങി

ഇരിട്ടി: മുന്‍കരുതലെടുക്കുന്നതിനും പ്രളയസാധ്യത മുന്‍കൂട്ടി അറിയിക്കുന്നതിനുമായി നദികളോടുചേര്‍ന്നുള്ള ചെറുപട്ടണങ്ങളുടെയും നഗരങ്ങളുടെയും സ്ഥിതിവിവരശേഖരണം തുടങ്ങി. സര്‍വേ ഓഫ് ഇന്ത്യയുടെയും സംസ്ഥാന സര്‍വേ വകുപ്പിന്റെയും നേതൃത്വത്തിലാണിത്. പുഴനിരപ്പില്‍നിന്നോ, സമുദ്രനിരപ്പില്‍നിന്നോ എത്ര ഉയരത്തിലാണിവയെന്ന് കണ്ടെത്താനാകും. പ്രളയ മുന്നറിയിപ്പിനൊപ്പം നദികളില്‍ വെള്ളം ഉയര്‍ന്നാല്‍ ബാധിക്കുന്ന പ്രദേശങ്ങളുടെ വിവരവും ഇതിലൂടെ ലഭിക്കും.

കണ്ണൂര്‍ ജില്ലയില്‍ ബാവലി പുഴയോട് ചേര്‍ന്നുള്ള കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, കാക്കയങ്ങാട് എന്നിവിടങ്ങളിലാണ് സര്‍വേ തുടങ്ങിയത്. വളപട്ടണം പുഴയോട് ചേര്‍ന്ന ഭാഗങ്ങളിലും സര്‍വേ നടത്തും. കഴിഞ്ഞ പ്രളയത്തില്‍ പുഴ കരകവിഞ്ഞ് ഒഴുകി ഇവിടെയെല്ലാം വെള്ളം കയറിയിരുന്നു. രണ്ടുമാസംകൊണ്ട് സര്‍വേ പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.