85 കോടിയിലേറെ രൂപയുടെ ബാധ്യത; അടച്ചുപൂട്ടലിന്‍റെ വക്കില്‍ സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍
കോഴിക്കോട്: കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ അടച്ച് പൂട്ടല്‍ ഭീഷണിയില്‍.18 കോടിയോളം രൂപ ആസ്ഥിയുളള കോര്‍പറേഷന് നിലവില്‍ 85 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ട്. പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാന്‍റുകള്‍ക്ക് വേണ്ടിയും പണം ചെലവഴിക്കേണ്ടി വരുന്നതാണ് കോര്‍പ്പറേഷനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
പനമ്ബ് നെയ്ത്ത് തൊഴിലാളികളെ ഉള്‍പ്പടെുത്തി 1971ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിപണി പിടിക്കാന്‍ തുടങ്ങിയതോടെ ബാംബൂ കോര്‍പറേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു തുടങ്ങി. പിന്നീട്, ഓരോ വര്‍ഷവും വ്യവസായ വകുപ്പ് അനുവദിക്കുന്ന വായ്പയെ ആശ്രയിച്ചായിരുന്നു കോര്‍പറേഷന്‍ പ്രവര്‍ത്തനം. നിലവില്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ട ബാധ്യത 85 കോടിയിലേറെയാണ്.
6000 പനമ്ബ് നെയ്ത്ത് തൊഴിലാളികളും 200 ഈറ്റവെട്ട് തൊഴിലാളികളുമാണ് കോര്‍പ്പറേഷന് കീഴില്‍ നിലവില്‍ ജോലി ചെയ്യുന്നത്. കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലായതോടെ ആനുകൂല്യങ്ങളും മുടങ്ങി. നെയ്ത്ത് തൊഴിലാളികളുടെ ഡിഎ 40 മാസമായി നല്‍കിയിട്ടില്ല. കോഴിക്കോട് നല്ലളത്തെ പ്ലാന്‍റില്‍ ശമ്ബളം നല്‍കുന്നത് ഗഡുക്കളായാണ്.
ബാംബൂ ടൈല്‍ നിര്‍മ്മിച്ച് വിപണിയില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങള്‍ കോര്‍പ്പറേഷന്‍ നടത്തിയെങ്കിലും ഇതിനാവശ്യമായ യന്ത്രങ്ങളോ ഗുണനിലവാരം ഉള്ള മുളയോ ഇല്ലാത്തതിനാല്‍ ഈ നീക്കവും വിജയിച്ചില്ല. വായ്പ്പാ തിരിച്ചടവുകള്‍ മുടങ്ങിയതോടെ റിയാബിന്‍റെ കരിമ്ബട്ടികയിലുമാണ് ബാംബൂ കോര്‍പ്പറേഷന്‍. ബാംബൂ കോര്‍പ്പറേഷന്‍ പുനസംഘടിപ്പിക്കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും നടപ്പായിട്ടില്ല.


0 Comments