കേന്ദ്രമന്ത്രിസഭാ വികസനം; ജെ.ഡി.യു.വിന് മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കും
ന്യൂഡല്‍ഹി: അടുത്ത കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജെ.ഡി.യു.വിന് മൂന്ന് സഹമന്ത്രിസ്ഥാനം ലഭിച്ചേക്കും. അതിലൊരാള്‍ക്ക് സ്വതന്ത്ര ചുമതല നല്‍കാനും ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും ഈവര്‍ഷം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതും പരിഗണിച്ച് ജെ.ഡി.യു.വിന് കൂടുതല്‍ അംഗീകാരം നല്‍കാന്‍ ബി.ജെ.പി. തുനിയുമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് സൂചന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാംമന്ത്രിസഭയില്‍ 24 കാബിനറ്റ് മന്ത്രിമാരും ഒന്‍പത് സ്വതന്ത്ര ചുമതലക്കാരുമുള്‍പ്പെടെ 57 അംഗങ്ങളാണ് മേയ് 30-ന് സ്ഥാനമേറ്റത്. അതിനുശേഷം മന്ത്രിസഭാ വികസനമുണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും ജെ.ഡി.യു.വും 17 വീതം സീറ്റുകളിലാണ് ബിഹാറില്‍ മത്സരിച്ചത്. ജെ.ഡി.യു. 16 സീറ്റിലും ബി.ജെ.പി. 17 സീറ്റിലും ജയിച്ചു. എങ്കിലും മന്ത്രിസഭയില്‍ ചേരാന്‍ അന്ന് ജെ.ഡി.യു. തയ്യാറായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിയമസഭയിലേക്കെന്നും കൂടുതല്‍ സീറ്റുകളില്‍ ജെ.ഡി.യു. തന്നെ മത്സരിക്കുമെന്നുമാണ് പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ പറയുന്നത്.
ഇതിനുമുമ്ബ് ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിച്ച 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും ജെ.ഡി.യു.വും 1:1.4 എന്ന അനുപാതത്തിലാണ് സീറ്റ് പങ്കിട്ടത്. അത്രതന്നെയില്ലെങ്കിലും ഇക്കുറിയും കൂടുതല്‍ സീറ്റുകളില്‍ ജെ.ഡി.യു. തന്നെ മത്സരിക്കുമെന്നാണ് അവര്‍ അവകാശവാദമുന്നയിക്കുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തും നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്ബായി ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ശക്തമാണെന്ന സന്ദേശം നല്‍കാനും ബി.ജെ.പി. ശ്രമിച്ചേക്കും. അതുകൂടി ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭയില്‍ ജെ.ഡി.യു.വിന് പ്രതിനിധ്യം നല്‍കാന്‍ നീങ്ങുന്നത്.
പൗരത്വനിയമഭേദഗതിയെ പാര്‍ലമെന്റില്‍ ജെ.ഡി.യു. പിന്തുണച്ചെങ്കിലും പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി.) ബിഹാറില്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കുകയാണ്. അതിനെ ഒരുപരിധിവരെ മറികടക്കാനും മന്ത്രിസ്ഥാനം നല്‍കുന്നത് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി. വിലയിരുത്തല്‍. മന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയായിട്ടുണ്ടാകാമെങ്കിലും ഇരുപാര്‍ട്ടികളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


0 Comments