അഭയാർഥികളെ പോലെ ചീങ്കണ്ണിപ്പുഴയോരത്ത് മുപ്പതോളം ആദിവാസി കുടുംബങ്ങൾ താവളമാക്കി
കാട്ടാന ശല്യവും, കുടിവെള്ള ക്ഷാമവും മൂലം ആറളം പുനരധിവാസ മേഖലയിൽ ജീവിതം വഴിമുട്ടിയ ആദിവാസികൾ കാട്ടാനകൾ വിഹരിക്കുന്ന ചീങ്കണ്ണിപ്പുഴയോരത്ത് താവളമാക്കി. ആറളം പുനരധിവാസ മേഖലയിലെ 9, 10, 11 ബ്ലോക്കുകളിലായി താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളാണ് വേനല്‍ക്കാലമായതോടെ ചീങ്കണ്ണി പുഴയരികില്‍ താമസമാക്കിയിരിക്കുന്നത്.
പിഞ്ചു കുഞ്ഞുങ്ങളും പ്രായമായവരു മടക്കമുള്ളവര്‍ യാതൊരു സുരക്ഷയും ഇല്ലാതെ ഈ പുഴയരികിലാണ് രാത്രികാലങ്ങളില്‍ കഴിച്ചുകൂട്ടുന്നത്. കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ സൈ്വര്യ വിഹാരം നടത്തുന്ന ഈ പ്രദേശത്ത് വലിയ ഒരു ദുരന്തമാണ് പതിയിരിക്കുന്നത്. പുനരധിവാസ മേഖലയില്‍ കുടിക്കാനോ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാനോ വെള്ളം ലഭിക്കാത്തതുമൂലം വാഹനങ്ങള്‍ക്ക് വാടക നല്‍കിയാണ് തങ്ങള്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ളവ ശേഖരിക്കാന്‍ പുഴയില്‍ എത്തുന്നതെന്നും ഈ സാഹചര്യം ഒഴിവാക്കാനാണ് ജീവന്‍ പണയം വെച്ചും തങ്ങള്‍ ഇവിടെ താമസിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയും, തുണി കെട്ടിമറച്ചുമുള്ള തണലിൽ കഴിയുന്ന ഇവരുടെ ജീവന് തന്നെ ഭീഷണിയായി കാട്ടാനകളും സമീപത്ത് വട്ടമിടുന്നുണ്ട്.
വേനല്‍ക്കാലമായതോടെ നിരവധി ആളുകള്‍ കുടിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പുഴയില്‍ തമ്പടിച്ചവർ മല മൂത്ര വിസര്‍ജനം നടത്തുന്നത് മൂലം രോഗങ്ങള്‍ പകരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. . പുഴയരികില്‍ താമസിക്കുന്നവര്‍ പുഴയില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് മൂലം പുഴയിലെ വെള്ളം മലിനപ്പെടുന്നതായും പ്രദേശവാസികള്‍ പറയുന്നു. ജില്ലയിലെ ആറര ലക്ഷത്തോളം പേര്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പഴശ്ശി പദ്ധതിയിലേക്കുള്ള പ്രധാന ജലസ്രോതസ്സായ ചീങ്കണ്ണി പുഴയുടെ തീരത്താണ് ആദിവാസികള്‍ താമസിക്കുന്നത്. പുഴ മലിനപ്പെടുന്നത് വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പല സാംക്രമിക രോഗങ്ങളും പിടിപെടാന്‍ ഇടയുണ്ട് എന്നതുകൊണ്ടുതന്നെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പോലീസും ഇവരെ ഇവിടെ നിന്നും മാറ്റാനുള്ള നടപടികള്‍ കരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. പുഴയോരത്ത് അഭയാർഥികളെ പോലെ താവളമാക്കിയ സംഘത്തെ അവരുടെ ജീവൻ വന്യജീവികളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി അടിയന്തിരമായി സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് കേളകം പഞ്ചായത്തംഗം മനോഹരൻ മാടി ആവശ്യപ്പെട്ടു.
0 Comments