ഡി.സി.സിയുടെ നേതൃത്വത്തിൽ ദേശീയഗാന ദിനാചരണം നടത്തി

ഭരണഘടനാ നിർമ്മാണ സഭ 1950 ജനുവരി 24 ന് ജനഗണമനയെ ദേശീയഗാനമായി നിശ്ചയിച്ചതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഭരണഘടനയെ തകർക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ ഫാസിസ്റ്റ്  നയങ്ങൾക്കെതിരെ  "ജനഗണമന" സമരായുധമാക്കി ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഗാനദിനാചരണത്തിന്റെ ഭാഗമായി
പ്രതിരോധ സായാഹ്നം കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ സംഘടിപ്പിച്ചു.

ചരിത്രത്തെ വളച്ചൊടിക്കാനും തമസ്ക്കരിക്കാനും ഭരണഘടനയെ തകർക്കാനും ഭാരതത്തിന്റെ പവിത്രമായ സനാതനമൂല്യങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിരോധം എന്ന നിലയിലാണ് "ജനഗണമന" ആലപിച്ച് കൊണ്ട് കണ്ണൂരിൽ ഫാസിസത്തിനെതിരെയുള്ള
പ്രതിരോധം തീർക്കുന്നതിന് ദേശീയ ഗാനദിനാചരണം ഡി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ജനഗണമനയുടെ പ്രസക്തി വർദ്ധിച്ച് വരികയാണെന്നും രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാനുള്ള കോൺഗ്രസിന്റെ മഹത്തായ കാഴ്ചപ്പാടാണ്  രവീന്ദ്രനാഥ ടാഗോറിന്റെ വരികൾ ദേശീയ ഗാനമായി അംഗീകരിച്ചതിലുടെ പ്രതിഫലിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട്
ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
നേതാക്കളായ കെ.സുരേന്ദ്രൻ, സജീവ് മാറോളി, മാർട്ടിൻ ജോർജ്ജ്, ചന്ദ്രൻ തില്ലങ്കേരി, എം.പി.മുരളി, സുരേഷ് ബാബു എളയാവൂർ, പി.മാധവൻ മാസ്റ്റർ, കെ.വി തമ്പാൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായി പുതുതായി നിയമിതരായ കെ.സുരേന്ദ്രൻ, സജീവ് മാറോളി എന്നിവർക്ക് ചടങ്ങിൽ മധുരം നല്കി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അനുമോദിച്ചു.