മാസങ്ങളായി പൂട്ടിക്കിടന്ന ഇരിട്ടിയിലെ കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു
ഇരിട്ടി: മാസങ്ങളായി പൂട്ടിക്കിടന്ന ഇരിട്ടിയിലെ കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസമാണ് ഇരിട്ടി മുനിസിപ്പാലിറ്റി ചെയർമാൻ പി. പി. അശോകൻ ഇരിട്ടി പഴയ ബസ്റ്റാന്റിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പൂട്ടികിടന്നിരുന്ന കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ഇരിട്ടിക്കാരൻ ഫേസ്ബുക്കിൽ കുറിച്ചത് വായിക്കാം.
കേരളത്തിൽ ഇരിട്ടി എന്നൊരു നഗരമുണ്ട് - ഇരിട്ടി നഗരസഭയിലെ ഏറ്റവും വലിയ നഗരമായ ഈ പട്ടണം താലൂക്കിന്റെ ആസ്ഥാനം കൂടിയാണ്. തലശ്ശേരി - മൈസൂർ അന്തർസംസ്ഥാന പാതയിൽ കുടക് അതിർത്തിയോട് ചേർന്നുകിടക്കുന്ന പട്ടണം കർണ്ണാടകത്തിലെ മൈസൂരു, ബംഗളൂരു തുടങ്ങിയ നിരവധി പട്ടണങ്ങളിലേക്കു പോവുകയും വരികയും ചെയ്യുന്ന യാത്രികർ മാക്കൂട്ടം ചുരം കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന കേരളത്തിലെ അതിർത്തി പട്ടണം. കണ്ണൂർ വിമാനത്താവളംകൂടി യാഥാർഥ്യമായതോടെ കർണ്ണാടകത്തിലെ വിവിധ മേഖലകളിൽ നിന്നും ഈ പട്ടണത്തിലൂടെ കടന്നുപോകുന്നവർ നിരവധിയാണ്. രാത്രികാലങ്ങളിൽ പുലർച്ചെ മൂന്ന് മണിമുതൽ 6 മണിവരെയുള്ള കാലയളവിൽ നാൽപ്പതിലേറെ ബസ്സുകളാണ് ബംഗളൂരുവിൽ നിന്നും ഈ പട്ടണത്തിൽ എത്തിച്ചേരുന്നത്. ബസ് ഇറങ്ങിയ ഉടൻ സ്ത്രീകളടക്കം നെട്ടോട്ടമാണ്. എവിടെ സാധിക്കണം എന്നറിയാതെ തലങ്ങും വിലങ്ങും ഓടുന്നവർക്ക് കാണിച്ചുകൊടുക്കാൻ ഒരു ശൗചാലയം ഇരിട്ടി നഗരത്തിൽ ഇല്ല എന്നതുകൊണ്ടുതന്നെ ഇവരുടെ വെപ്രാളങ്ങൾക്ക് മൂകസാക്ഷിയായി പലപ്പോഴും നിൽക്കേണ്ടി വന്നിട്ടുണ്ട്. പുരുഷന്മാർ എവിടെയെങ്കിലും ഒരു മറവിൽ ഇരുന്നോ നിന്നോ സാധിച്ചെന്നു വരും. പക്ഷെ സ്ത്രീകളുടെ കാര്യം കഷ്ടം എന്നേ പറയേണ്ടൂ. ശൗചാലയം ഉള്ള ഹോട്ടലുകളൊന്നും ഈ സമയത്ത് തുറക്കാറില്ല. ചിലർ കുപ്പിവെള്ളവുമായി ഏതെങ്കിലും മറവു തേടിപ്പോയി കാര്യം സാധിച്ചെന്നും വരും. ഇരിട്ടി പട്ടണത്തിൽ നഗരസഭയുടേതായി രണ്ട് ശൗചാലയങ്ങളാണ് ഉള്ളത്. ഇതിൽ പുതിയ ബസ് സ്റ്റാന്റിലെ ഒരു ശൗചാലയം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതും രാവിലെ 6 മണിക്ക് തുറന്നു 6 മണിക്ക് അടക്കും. വൈകുന്നേരം 6 മണിക്ക് ശേഷം നഗരത്തിലെത്തുന്നവർക്ക് രാത്രി 11 വരേതുറക്കുന്ന ഏതാനും ചില ഹോട്ടലുകളെ ആശ്രയിക്കാൻ കഴിയും. പഴയ സ്റ്റാന്റിൽ ഒരു ശൗചാലയം കൂടി ഉണ്ടെങ്കിലും ഒരു വർഷത്തോളമായി ഇത് അടഞ്ഞു കിടക്കുകയാണ്. ഇത് നന്നാക്കാനോ തുറന്നു കൊടുക്കാനോ നഗരസഭക്കു ഇനിയും സമയം കിട്ടിയിട്ടില്ല. ഞാൻ ഈ പറഞ്ഞതിൽ രാഷ്ട്രീയമില്ല. രാത്രിയിൽ ഉറങ്ങിക്കിടക്കുന്നവർ ഒരു ദിവസം ഉണർന്നു ഈ നഗരത്തിൽ എത്തുക. ഇവിടെ രാത്രിയിൽ ഉല്ലസിക്കാൻ പബ്ബ് വേണോ അതോ കക്കൂസ് വേണോ എന്ന് അപ്പോൾ നിങ്ങള്ക്ക് തീരുമാനിക്കാനാകും.
പൂട്ടിക്കിടന്ന കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതോടെ ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ഇരിട്ടി നഗരസഭയ്ക്ക് കഴിഞ്ഞു.
കംഫർട്ട് സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. രാത്രികാലങ്ങളിലും കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവൃത്തിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
"രാത്രിയിൽ ഇവിടെ വരുമ്പോൾ ആരെയും കണ്ടില്ലെങ്കിൽ വാതിലിൽ ഒന്ന് മുട്ടി വിളിച്ചു നോക്കണം, ചിലപ്പോൾ ഞാൻ അതിന്റെ അകത്തു കിടന്നു ഉറങ്ങുന്നുണ്ടാകും - കംഫർട്ട് സ്റ്റേഷൻ ന്റെ നടത്തിപ്പുകാരനായ ദാസ്സേട്ടൻ എന്ന് വിളിപ്പേരുള്ള വക്തി പറഞ്ഞു."


0 Comments