വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങള്‍:
മന്ത്രിയുടെ നേതൃത്വത്തില്‍ 28 ന് അദാലത്ത്


വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ ജനുവരി 28ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ ബേങ്ക് ഓഡിറ്റോറിയത്തില്‍ അദാലത്ത് നടക്കും.
ഉല്‍പാദന, പ്രസരണ, വിതരണ മേഖലയിലെ സേവനങ്ങള്‍, വോള്‍ട്ടേജ് ക്ഷാമം, മരംമുറിക്കലുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാര തുക, വൈദ്യുതി തടസ്സങ്ങള്‍, പുതിയ കണക്ഷന്‍, ലൈനും അനുബന്ധ സംവിധാനങ്ങളും മാറ്റി സ്ഥാപിക്കല്‍, ബില്‍ തര്‍ക്കങ്ങള്‍, കുടിശ്ശിക തുടങ്ങി കെ എസ് ഇ ബി ലിമിറ്റഡുമായി ബന്ധപ്പെട്ട വ്യക്തിപരമോ പൊതു താല്‍പര്യ സംബന്ധിയായതോ ആയ ഏതു കാര്യവും അദാലത്തിന്റെ പരിഗണനക്കായി നല്‍കാവുന്നതാണ്. ജനപ്രതിനിധികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാമെന്ന് കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പരാതികളും നിര്‍ദേശങ്ങളും ജനുവരി 18 വരെ ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും.