എള്ള് കൃഷിയിൽ വിജയഗാഥയുമായി തില്ലങ്കേരി
4 ഏക്കറിലെ കൃഷി വിളവെടുത്തു


എള്ള് നമ്മള് കാര്യായിറ്റ് ഉപയോഗിക്ക്ന്നെ പ്രസവരക്ഷാ മരുന്നിനും പിന്ന പലഹാരങ്ങളില് ഇടാനും ആന്ന്... എള്ള് നല്ലയല്ലെ എല്ലത്തിനും" എള്ളിന്റെ ഉപയോഗത്തെക്കുറിച്ചും, ഗുണത്തെക്കുറിച്ചും വാചാലയാവുകയാണ് പത്മിനി ചേച്ചി.  വിളവെടുപ്പിനായി പാകമായി  നിൽക്കുന്ന എള്ളിൻ ചെടികളെ നോക്കിയാണ് അവർ തന്റെ അറിവ് പങ്കുവെച്ചത്. തില്ലങ്കേരി പഞ്ചായത്തിലെ എള്ളുകൃഷി വിളവെടുപ്പ് ഉദ്ഘാടന പരിപാടിക്ക് എത്തിയതായിരുന്നു അവർ.
ഈ ഗ്രാമത്തിന് പേര് ലഭിച്ചത് തന്നെ സമൃദ്ധമായ എള്ള് കൃഷിയിൽ നിന്നാണെന്നും പറയപ്പെടുന്നു. തിലം എന്നാൽ എള്ള് എന്നും കരി എന്ന കൃഷിസ്ഥലമാണെന്നും ഇങ്ങനെ എള്ള് കൃഷി ചെയ്യുന്ന സ്ഥലമായതിനാലാണ് ഈ പേര് വന്നതെന്നുമാണ് പറയപ്പെടുന്നത്. തങ്ങളുടെ ഈ പാരമ്പര്യത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിനെ തരിശുരഹിതമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കലിൽ 4 ഏക്കർ സ്ഥലത്ത്  എള്ളിൻ കൃഷിയിറക്കിയത്. മുൻപ് പാഷൻ ഫ്രൂട്ട് കൃഷി,  ചെണ്ടുമല്ലി കൃഷി എന്നിവ നടത്തി വിപ്ലവം സൃഷ്ടിച്ച പഞ്ചായത്ത്‌ ആദ്യമായാണ് എള്ള് കൃഷി പരീക്ഷിക്കുന്നത്. അത് വലിയ വിജയമായി മാറിയതിന്റെ സന്തോഷത്തിലാണ് പിന്നണിയിൽ പ്രവർത്തിച്ചവർ.  വിളവെടുത്ത എള്ള്  കുടുംബശ്രീയുടെ തന്നെ ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാനാണ് തീരുമാനം. ഇപ്പോൾ വിളവെടുത്ത സ്ഥലത്ത് തുടർച്ചയായി എള്ള് കൃഷി ഇറക്കാൻ തന്നെയാണ് പഞ്ചായത്തിന്റെയും ബന്ധപ്പെട്ടവരുടെയും ആലോചന.

ജില്ലയ്ക്ക് തന്നെ മാതൃകയായ കൂട്ടായ്മയാണ് തില്ലങ്കേരി പഞ്ചായത്തിന്റേത് എന്ന് എള്ള് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ പൊതുവികസനത്തിന് പ്രവർത്തിക്കുന്ന വലിയ മുന്നേറ്റങ്ങൾ ആണ് പഞ്ചായത്തിൽ നടക്കുന്നത്. കാർഷിക ആഭിമുഖ്യം വളർത്തിയെടുക്കാൻ പഞ്ചായത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷി വകുപ്പിന്റെയും തൊഴിലുറപ്പ് സംഘങ്ങളുടെയും ഹരിതകേരളമിഷന്റെയും കുടുംബശ്രീയുടെയും  ആത്മ കണ്ണൂരിന്റെയും പിന്തുണയാണ് എള്ള് കൃഷി വിജയകരമാക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷനായ പഞ്ചായത്ത്‌ പ്രസിഡണ്ട് പി പി സുഭാഷ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത്‌ അംഗം മാർഗരറ്റ് ജോസ്,  ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ വി കെ കാർത്യായനി, അംഗം എം പ്രശാന്തൻ, സെക്രട്ടറി സുനിൽകുമാർ,തില്ലങ്കേരി പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സി ഷൈമ,തില്ലങ്കേരി പഞ്ചായത്ത്‌  അംഗം യൂ സി നാരായണൻ, തില്ലങ്കേരി കൃഷി ഓഫീസർ കെ അനുപമ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രതിനിധികൾ, കർഷകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ 35 ഹെക്ടർ തരിശുഭൂമി  കൃഷിയോഗ്യമാക്കിയതോടെ സമ്പൂർണ തരിശുരഹിത ഗ്രാമപഞ്ചായത്ത്‌ എന്ന അംഗീകാരത്തിന്റെ നിറവിലാണ് ഇപ്പോൾ പഞ്ചായത്ത്‌. 14.4 ഹെക്ടർ വയലും 20.76 ഹെക്ടർ കരപ്രദേശവും കൃഷിയോഗ്യമാക്കി.