പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ രൂപത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിതരണം ചെയ്യപ്പെടുന്നതായി ജില്ലാ വികസന യോഗം മുന്നറിയിപ്പ് നൽകി. പ്രകൃതിയിൽ ലയിച്ചുചേരുന്ന ബയോ ഡീഗ്രെയ്ഡബ്ൾ ക്യാരിബാഗുകൾ എന്ന വ്യാജേനയാണ് ഇത്തരം സഞ്ചികൾ വിതരണം ചെയ്യപ്പെടുന്നത്. അയാം നോട്ട് എ പ്ലാസ്റ്റിക് (ഞാൻ പ്ലാസ്റ്റിക്കല്ല) എന്ന എഴുത്തുമായി വരുന്ന പലതും വ്യാജനാണെന്നാണ് പരിശോധനയിൽ വ്യക്തമായത്. പ്ലാസ്റ്റിക്കിന് ബദൽ എന്ന പേരിൽ ഇത്തരം വ്യാജ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ വ്യാപകമാക്കാനും യോഗം നിർദേശം നൽകി. എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്ന് എൻഎച്ച്എമ്മിന്റെ കീഴിലുള്ള ഡയാലിസിസ് സെന്ററിൽ ഡോക്ടറെ ലഭ്യമാക്കുകയും അത് രോഗികൾക്കായി തുറന്നുകൊടുക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വികസനസമിതി യോഗം കോർപറേഷന് നിർദേശം നൽകി.


0 Comments