താമസമെന്തേ വരുവാന്‍ കേള്‍ക്കാനായി തിയേറ്ററില്‍ 27 തവണ ഭാര്‍ഗവീനിലയം കാണാന്‍ പോയിട്ടുണ്ട്'.
1958-ലെ മത്സരത്തിന് ഞാൻ പങ്കെടുത്തത് ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിൽനിന്നാണ്. യേശുദാസ് കൊച്ചിയിലെ പള്ളുരുത്തി സെയ്ന്റ് സെബാസ്റ്റ്യൻ സ്കൂളിൽനിന്നും. അദ്ദേഹം പത്താം ക്ലാസിലും ഞാൻ എട്ടാം ക്ലാസിലും. ക്ലാസിക്കൽ-ലളിത സംഗീതങ്ങൾക്ക് അദ്ദേഹം മത്സരിച്ചു. മൃദംഗത്തിലും ലളിതസംഗീതത്തിലും ഞാനും.
ഞങ്ങളുടെ സ്കൂളിലെ മലയാളം മാഷ് രാമൻമേനോനാണ് എന്നെയും മറ്റ് മത്സരാർഥികളെയും തിരുവനന്തപുരം മോഡൽ സ്കൂളിലേക്ക് കൊണ്ടുപോയത്. അതിനുള്ള എല്ലാ സഹായവും നൽകിയത് ഞങ്ങളുടെ ഹെഡ്മാസ്റ്റർ ശ്രീധരമേനോൻ മാഷായിരുന്നു. ക്ലാസിക്കൽ-ലളിത സംഗീതമത്സരങ്ങളിൽ യേശുദാസ് ഒന്നാം സമ്മാനം നേടിയപ്പോൾ, മൃദംഗത്തിൽ ഒന്നാം സമ്മാനവും ലളിതസംഗീതത്തിൽ രണ്ടാം സമ്മാനവും എനിക്കും ലഭിച്ചു. കലാമത്സരങ്ങളുടെ അവസാനം അദ്ദേഹം ശാസ്ത്രീയസംഗീതം പാടി, ഞാൻ മൃദംഗം വായിച്ചു. മറ്റൊരു വിദ്യാർഥി ശ്രുതി ഇട്ടു.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി അദ്ദേഹംതന്നെ തിരക്കഥ എഴുതി വിൻസന്റ് മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ചന്ദ്രതാരാ ചിത്രമായ ഭാർഗവീനിലയം എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. അതിലെ ബീംബ്ലാസ് രാഗത്തിലുള്ള താമസമെന്തേ വരുവാൻ... താമസമെന്തേ വരുവാൻ...പ്രാണസഖീ... എന്റെ മുന്നിൽ...താമസമെന്തേ അണയാൻ പ്രേമമയീ എന്റെ കണ്ണിൽ... എന്ന ഗാനം.
ഇതിനപ്പുറത്തൊരു പാട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഈ പാട്ട് കേൾക്കാൻവേണ്ടി ഇരിങ്ങാലക്കുട കോന്നി തിയേറ്ററിൽ 27 തവണ ഭാർഗവീനിലയം സിനിമ കാണാൻ പോയിട്ടുണ്ട്. ബഷീർ എഴുതി: നീണ്ട കണ്ണുകളും ചുരുണ്ട അളകങ്ങളും വെള്ളവസ്ത്രവുമായി അവൾ എന്നും വരാറുണ്ടായിരുന്നു... ഒരു ദിവസം അവൾ വന്നില്ല. എന്തേ വന്നില്ല?
ഭാസ്കരൻ മാസ്റ്റർ എഴുതി: താമസമെന്തേ വരുവാൻ... ഇത്രയും നല്ലൊരു ഗാനം മറ്റാർക്കും എഴുതാൻ കഴിയില്ല, ബാബുക്കയ്ക്കല്ലാതെ മറ്റൊരാളിനും ഇത്ര നല്ല ഈണം നൽകാൻ കഴിയില്ല. ദാസേട്ടന്റെ എറ്റവും മികച്ച ഗാനവും ഇതുതന്നെ. അജ്ഞാത ഗായകാ എന്നെ ഒന്നുറക്കിയിട്ടു പോകൂ... എന്നുപറഞ്ഞിട്ട് സിതാറിന്റെ നാദം... തുടർന്ന് താമസമെന്തേ... എന്ന് തുടങ്ങുന്നു. അവിടെയാണതിന്റെ മനോഹാരിത. ഞങ്ങൾ കൂട്ടുകാർ കോളേജിന് തൊട്ടടുത്തുള്ള സേതുവിന്റെ ഒരു പഴയ വീട് വാടകയ്ക്കെടുത്ത് അതിന് ഭാർഗവീനിലയം എന്ന് പേരിട്ട് അവിടെ ഒത്തുകൂടിയിരുന്നു. അത്രയ്ക്ക് ഞങ്ങളെ സ്വാധീനിച്ച ഒരു സിനിമയാണ് ഭാർഗവീനിലയവും അതിലെ താമസമെന്തേ... എന്ന ഗാനവും.
ദാസേട്ടന് സ്നേഹപൂർവം എന്ന പേരിൽ പി ജയചന്ദ്രൻ എഴുതിയ ലേഖനത്തിൽ നിന്നും.


0 Comments