വാഹനാപകടത്തില്‍ പരിക്കേറ്റ സംവിധായകന്‍ വിവേക് ആര്യന്‍ മരിച്ചു.
കൊച്ചി: ഇരുചക്രവാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സംവിധായകൻ മരിച്ചു. തൃശ്ശൂർ നെല്ലായി ആനന്ദപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെ മകൻ വിവേക് ആര്യനാണ് (30) മരിച്ചത്. കൊടുങ്ങല്ലൂരിൽ ഡിസംബർ 22-ന് ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെയാണ് അപകടം. നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ് എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. അമൃതയുടെ കൈക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. സംവിധായകൻ ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
നാലു വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. ഭാര്യ അമൃത ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിൽ വിവേകിന്റെ സഹ സംവിധായികയായിരുന്നു. മാതാവ്: ഭാവന. സഹോദരൻ: ശ്യാം.


0 Comments