പന്തളം രാജപ്രതിനിധിക്ക് യാത്രയ്ക്കായി പുതിയ പല്ലക്കൊരുങ്ങുന്നു.



പന്തളം:പന്തളം രാജപ്രതിനിധിക്ക് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം പോകാനായി പുതിയ പല്ലക്ക് തയ്യാറാകുന്നു. പുതിയതായി പണിത പല്ലക്കിന്റെ പെയിന്റിങ്‌ ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്. അയ്യപ്പന്റെ വിവിധ ചിത്രങ്ങൾ, ശിവൻ, പന്തളരാജാവിന്റെ ചിത്രം എന്നിവയാണ് പല്ലക്കിന്റെ നാലു വശങ്ങളിലായി വരയ്ക്കുന്നത്. പെയിന്റിങ്‌ പൂർത്തിയായാൽ പട്ടുവിരിക്കുന്നതുൾപ്പെടെയുള്ള അലങ്കാരപ്പണികളാരംഭിക്കും.

പന്തളത്തുനിന്ന് ജനുവരി 13-ന് തിരിക്കുന്ന ഘോഷയാത്രയെ നയിക്കുന്നത് വലിയതമ്പുരാന്റെ പ്രതിനിധിയായ കൊട്ടാരം കുടുംബാംഗമാണ്. ഇത്തവണ പ്രദീപ് വർമ്മയാണ് രാജപ്രതിനിധിയായി മല ചവിട്ടുന്നത്. ഘോഷയാത്രയ്ക്കു മുന്നോടിയായി വലിയകോയിക്കൽ ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം പന്തളം രാജാ രാജശേഖരമണ്ഡപത്തിനു മുമ്പിൽ തയ്യാറാക്കി വെയ്ക്കുന്ന പല്ലക്കിലേറിയാണ് രാജപ്രതിനിധി ഘോഷയാത്രയെ നയിക്കുന്നത്.

പടക്കുറുപ്പ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള 13 പേരടങ്ങുന്ന പല്ലക്കുവാഹകസംഘമാണ് പല്ലക്കുമായി ശബരിമലയിലേക്ക് തിരിക്കുന്നത്. വേണുഗോപാലാണ് ഈ സംഘത്തിന്റെ ഗുരുസ്വാമി.