ജെഎന്‍യു: അന്വേഷണം നടക്കുന്നതിനിടെ എബിവിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി.



ന്യൂഡൽഹി: ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ അക്രമികൾ നടത്തിയ നരനായാട്ടിൽ എബിവിപിക്ക് ക്ലീൻചിറ്റ് നൽകി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്.

ബിജെപിക്കോ അതിന്റെ പോഷക സംഘടനകൾക്കോ അക്രമത്തിൽ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അനുബന്ധ സംഘടനകൾ അക്രമം നടത്താൻ കഴിവുള്ളവരല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ ഘട്ടത്തിലാണ് മന്ത്രി ക്ലീൻ ചിറ്റ് നൽകി രംഗത്തുവന്നത്.

ഡൽഹി പോലീസിന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. സാങ്കേതികമായി കേസ് അന്വേഷിക്കുന്ന പോലീസ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയിൽ നിത്യാനന്ദ റായ്ക്കാണ് റിപ്പോർട്ട് നൽകേണ്ടത്. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം നടക്കുന്നവേളയിൽ തന്നെ മന്ത്രിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്.