തലശ്ശേരി: തലശ്ശേരി ടൂറിസം പദ്ധതിയിലെ 187 കോടി രൂപയുടെ പദ്ധതിയില്‍ രണ്ട്‌ ഘട്ടങ്ങളിലായി 37.42 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. കഴിഞ്ഞവര്‍ഷം 5.42 കോടി രൂപയുടെയും ഇത്തവണ 32 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 16.42 കോടി രൂപയുടെ പദ്ധതി തലശ്ശേരി നിയോജകമണ്ഡലത്തിലാണ് നടപ്പാക്കുന്നത്. 5.42 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ 11.66 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് എ.എന്‍.ഷംസീര്‍ എം.എല്‍.എ. പറഞ്ഞു. 137 കോടി രൂപയുടെ പദ്ധതി കിഫ്ബിയില്‍ സമര്‍പ്പിച്ചിരിക്കയാണ്.

വിപുലം ഈ വിനോദസഞ്ചാരം

കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലായാണ് തലശ്ശേരി ടൂറിസംപദ്ധതി നടപ്പാക്കുന്നത്. ഒന്‍പത് നിയോജക മണ്ഡലങ്ങളും ഒരു കോര്‍പ്പറേഷനും ആറ് നഗരസഭകളും നിരവധി ഗ്രാമപ്പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാകും. 19 മ്യൂസിയം, 10 ഗാലറി, 10 കുളം, ഏഴ് കണ്‍വെന്‍ഷന്‍ സെന്റര്‍, മൂന്ന് ഹോംസ്റ്റേ, 11 ലൈബ്രറി, 12 മാര്‍ക്കറ്റ് എന്നിവ പദ്ധതിയിലുള്‍പ്പെടും. ഹാര്‍ബര്‍ ടൗണ്‍ സര്‍ക്യൂട്ട്, പഴശ്ശി സര്‍ക്യൂട്ട്, ഫോക്‌ലോര്‍ സര്‍ക്യൂട്ട്, കള്‍ച്ചറല്‍ സര്‍ക്യൂട്ട് എന്നിങ്ങനെ നാല്‌ വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക.

ഹാര്‍ബര്‍ സര്‍ക്യൂട്ട്

ഹാര്‍ബര്‍ സര്‍ക്യൂട്ടില്‍ തലശ്ശേരി കോട്ടയും തലശ്ശേരിയിലെ പള്ളികളും ക്ഷേത്രങ്ങളും ജവാഹര്‍ഘട്ട്, ഓവര്‍ബറീസ് ഫോളി, സി.എസ്.ഐ. പള്ളി എന്നിങ്ങനെ 20 ഇടങ്ങളും വരും.

പഴശ്ശി സര്‍ക്യൂട്ട്

പഴശ്ശി സര്‍ക്യൂട്ടില്‍ കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം, പൂക്കോട് കൈത്തറി ഗ്രാമം, തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം, കോട്ടയം പഴശ്ശി പാലസ്, പഴശ്ശി മ്യൂസിയം, മൃദംഗലൈശ്വരിക്ഷേത്രം, പുരളിമല മുത്തപ്പന്‍ ക്ഷേത്രം, തൊടിക്കളം ശിവക്ഷേത്രം,ആറളം ഫാം, കണ്ണവം ഫോറസ്റ്റ്, കൊട്ടിയൂര്‍ ശിവക്ഷേത്രം, പെരിയ ഫോറസ്റ്റ് റേഞ്ച്, പഴശ്ശിരാജയുടെ ശവകുടീരം, വള്ളിയൂര്‍ക്കാവ്, പഴശ്ശിരാജ സ്മൃതി മണ്ഡപം, തൃശ്ശിലേരി മഹാദേവക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം എന്നിവയുള്‍പ്പെടും.

ഫോക്‌ലോര്‍ സര്‍ക്യൂട്ട്

ഫോക്‌ലോര്‍ സര്‍ക്യൂട്ടില്‍ ലോകനാര്‍ക്കാവ് ക്ഷേത്രം, മാണിക്കോത്ത് തറവാട്, വടകര പൈതൃക മാര്‍ക്കറ്റ്, മാഹി പള്ളി, പൊന്ന്യം വയല്‍, കപ്പരട്ടി ബംഗ്ലാവ് എന്നിവ ഉള്‍പ്പെടും.

കള്‍ച്ചറല്‍ സര്‍ക്യൂട്ട്

കള്‍ച്ചറല്‍ സര്‍ക്യൂട്ടില്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവ്, ഇല്ലിക്കുന്ന് പള്ളി, ചിറക്കക്കാവ്, അണ്ടലൂര്‍ക്കാവ്, മൊയ്തു പാലം, ഊര്‍പ്പഴശ്ശിക്കാവ്, പെരളശ്ശേരി സുബ്രമണ്യസ്വാമി ക്ഷേത്രം, മക്രേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, അറക്കല്‍ കെട്ട്, സെയ്ന്റ് ആഞ്ചലോ ഫോര്‍ട്ട്, ചിറക്കല്‍ കൊട്ടാരവും ചിറയും, ചിറക്കല്‍ ഫോക് ലോര്‍ മ്യൂസിയം, അഴീക്കോട് കൈത്തറി ഗ്രാമം, വളപട്ടണം കക്കുളങ്ങര പള്ളി എന്നിവ ഉള്‍പ്പെടും.

തലശ്ശേരി പൈതൃകം പദ്ധതി: മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ചില്‍

തലശ്ശേരി: തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തലശ്ശേരിയില്‍ പൂര്‍ത്തിയായ മൂന്ന് പദ്ധതികള്‍ മാര്‍ച്ചില്‍ ഉദ്ഘാടനംചെയ്യും. ഗുണ്ടര്‍ട്ട് ബംഗ്ലാവ് പൈതൃകസംരക്ഷണ പദ്ധതി, പിയര്‍ റോഡ്, ഫയര്‍ ടാങ്ക് വികസനം എന്നിവയാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

പിയര്‍ റോഡിന് 2.12 കോടി, ഗുണ്ടര്‍ട്ട് ബംഗ്ലാവിന് 2.70 കോടി, ഫയര്‍ടാങ്കിന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജഗന്നാഥ ക്ഷേത്രത്തില്‍ നവോത്ഥാന മ്യൂസിയം, താഴെയങ്ങാടി പൈതൃക തെരുവ്, സെയിന്റ് ആംഗ്ളിക്കന്‍ ചര്‍ച്ച്‌ സംരക്ഷണം എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കും. ജവാഹര്‍ ഘട്ടില്‍ വെളിച്ചമൊരുക്കും.

രണ്ടാംഘട്ടത്തില്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവ് ഡിജിറ്റല്‍ മ്യൂസിയമാക്കും. ലൈബ്രറിയും ഒരുക്കും. തലശ്ശേരി കടല്‍പ്പാലം ബലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുമെന്ന് മാരി ടൈം ബോര്‍ഡ് ചെയര്‍മാര്‍ വി.ജെ.മാത്യു പറഞ്ഞു. ഫ്ളോട്ടിങ് റസ്റ്റോറന്‍ഡ്, ഫ്‌ലോട്ടിങ് മാള്‍, വാട്ടര്‍ സ്പോര്‍ട്‌സ്, കയാക്കിങ് എന്നിവ തുടങ്ങും. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി. മാരിടൈം അക്കാദമി പോര്‍ട്ട്‌ ഓഫീസില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ തുടങ്ങും.

ജര്‍മനി, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലുള്ള സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങാന്‍ സന്നദ്ധരാണ്. മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്കും പരിശീലനം നല്‍കും. കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുക. കണ്ണൂരില്‍ ആയിക്കരയാണ് ഇതിനായി ഉദ്ദേശിക്കുന്നത്.

രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് വിപുലമായ പദ്ധതിയെന്ന് ആര്‍ക്കിടെക്‌ട്‌ പി.പി.വിവേക് പറഞ്ഞു. പദ്ധതി അവലോകനത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍, സബ് കളക്ടര്‍ ആസിഫ് കെ. യൂസഫ്, ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍, ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.