പത്തുരൂപയിലെത്തി നേന്ത്രക്കായ വില; പകച്ച്‌ കര്‍ഷകര്‍

കല്പറ്റ: വില ഉയരുമെന്ന് പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്ന കര്‍ഷകരെ ഇരുട്ടിലാക്കി നേന്ത്രക്കായ വില മാറ്റമില്ലാതെ തുടരുന്നു. പത്തുവര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ തകര്‍ച്ചയിലാണ് നേന്ത്രക്കായ വിലയിപ്പോള്‍. വര്‍ഷാരംഭത്തില്‍ത്തന്നെ കുത്തനെ ഇടിഞ്ഞ വില ഫെബ്രുവരിയുടെ തുടക്കത്തിലും കൂപ്പുകുത്തി നില്‍ക്കുകയാണ്. ജനുവരിയുടെ ആദ്യ ആഴ്ച മുതല്‍ താഴ്ന്നുകൊണ്ടിരുന്ന നേന്ത്രക്കുലയുടെ വില ഇപ്പോള്‍ പത്തുരൂപയാണ്‌. രണ്ടുദിവസംമുമ്ബ് 12-ല്‍ ഉണ്ടായിരുന്നതാണ് പത്തിലേക്ക് താഴ്ന്നത്. ഇനിയും വില താഴാമെന്നാണ് നിലവിലെ സ്ഥിതി സൂചിപ്പിക്കുന്നത്. വില പന്ത്രണ്ടില്‍ എത്തിയതോടെ കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ്പ് നേന്ത്രക്കുല സംഭരണം തുടങ്ങിയിരുന്നു. എന്നാല്‍, ഇതും ഒരു പരിധിക്കപ്പുറം വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാവാന്‍ ഉപകരിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തിങ്കളാഴ്ച ബത്തേരി അമ്മായിപ്പാലത്തെ ആര്‍.എ.‍ഡബ്ല്യു. മാര്‍ക്കറ്റില്‍ സംഭരണം തുടങ്ങി. എന്നിട്ടും വിലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മാറ്റമുണ്ടായിട്ടില്ല.
ഫലംകാണുമോ ഹോര്‍ട്ടികോര്‍പ്പ്?

ഹോര്‍ട്ടികോര്‍പ്പിന്റെ നേന്ത്രക്കുല സംഭരണം തിങ്കളാഴ്ച തുടങ്ങി. 25 രൂപ നിരക്കില്‍ ഒരു കര്‍ഷകനില്‍നിന്ന്‌ 50 വാഴക്കുലകള്‍വീതമാണ് ഒരുദിവസം സംഭരിക്കുക. ഇത് കര്‍ഷകന് ആശ്വാസമേകുമെന്ന് കരുതിയെങ്കിലും രണ്ടുദിവസം കഴിഞ്ഞിട്ടും വിലയില്‍ അനക്കമില്ല. എന്നാല്‍, രണ്ടാഴ്ചയ്ക്കകം പൊതുമാര്‍ക്കറ്റില്‍ വിലയുയരുമെന്ന പ്രതീക്ഷയിലാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍. തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ അറുപതുകര്‍ഷകര്‍ സംഭരണകേന്ദ്രത്തിലെത്തി. 28 ടണ്‍ നേന്ത്രക്കുല സംഭരിച്ചു. ആഴ്ചയില്‍ രണ്ടുദിവസമായിരിക്കും സംഭരണം. അടുത്ത സംഭരണദിവസമായ വ്യാഴാഴ്ച കൂടുതല്‍പേര്‍ കുലകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പ് ശേഖരിക്കുന്ന കുലകളുടെ എണ്ണംകുറവാണെന്നും അമ്ബതുകുലകള്‍ എന്നത് വര്‍ധിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ജില്ലയില്‍ മറ്റുകേന്ദ്രങ്ങളില്‍ സംഭരണമില്ലാത്തതും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മാനന്തവാടി, കല്പറ്റ എന്നിവിടങ്ങളില്‍നിന്നെല്ലാം ബത്തേരിയിലേക്ക് കുലയെത്തിക്കാന്‍ ചെലവേറുന്നു എന്നാണ് പരാതി