സാമ്പത്തിക പ്രതിസന്ധി: ആറളം ഫാമിലെ നബാര്‍ഡ് വികസനപദ്ധതികള്‍ താളംതെറ്റുന്നു
ഇരിട്ടി: ആറളം ഫാമില്‍ നബാര്‍ഡ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കോടികളുടെ പണി സ്തംഭനത്തിലേക്ക്. എസ്.ടി. വകുപ്പില്‍നിന്നാണ് പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിക്കേണ്ടത്. ഇത് തടസ്സപ്പെട്ടതാണ് പദ്ധതി വൈകാന്‍ കാരണമായത്. സമഗ്ര വികസനം ലക്ഷ്യമാക്കി 38 കോടിയുടെ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ആവശ്യമായ തുകയുടെ പകുതിയിലധികവും റൂറല്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഡെവലപ്പ്‌മെന്റ് ഫണ്ടില്‍നിന്ന് വായ്പയെടുത്ത് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. നിര്‍മാണംതുടങ്ങി ഒരുവര്‍ഷം കഴിഞ്ഞിട്ടും മൂന്നിലൊരുഭാഗം പോലും പൂര്‍ത്തിയാക്കാനായില്ല. പുനരധിവാസമേഖലയുടെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സ്തംഭനത്തിലേക്ക് നീങ്ങുന്നത്. വളയംചാലില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്ന പ്രവ്യത്തി പൂര്‍ണമായും നിലച്ചു. 6.90 കോടി രൂപ പാലത്തിനായി നീക്കിവെച്ചത്. ഓടന്‍തോട് പാലത്തിന് 7.10കോടി രൂപ അനുവദിച്ചെങ്കിലും നിര്‍മാണം ഇഴഞ്ഞുനിങ്ങുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പണിയും തടസ്സപ്പെട്ടു. ഹോമിയോ ഡിസ്പെന്‍സറിക്ക് 55.96ലക്ഷം വിനിയോഗിച്ചുള്ള കെട്ടിടത്തിന്റെ നിര്‍മാണവും സ്തംഭിച്ചിരിക്കുകയാണ്. ഫാമില്‍ ആയുര്‍വേദചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നതിന് 34.95ലക്ഷവും ഹോമിയോ ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ക്കുള്ള താമസസൗകര്യം ഒരുക്കുന്നതിന് 81.25 ലക്ഷം രൂപയുടെ പ്രവൃത്തിയും എങ്ങുമെത്തിയില്ല. ഫാം സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് നിര്‍മിക്കുന്നതിനുള്ള 2.67 കോടിയുടെ പ്രവൃത്തിയും ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മാണത്തിനുള്ള 2.60 കോടിയുടെ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് എല്‍.പി. സ്കൂള്‍ കെട്ടിട നിര്‍മാണത്തിന് 2.84 കോടി രൂപ അനുവദിച്ചെങ്കിലും പാതിവഴിയിലാണ്. മൂന്ന് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് 67.29 ലക്ഷത്തിന്റെ പ്രവ്യത്തിയും സ്തംഭനത്തിലേക്ക് നീങ്ങി. ഫാമില്‍ പുതുതായി കൃഷിഭവനും വെറ്ററിനറി ഡിസ്പെന്‍സറിയും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി 60ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
കമ്യൂണിറ്റി ഹാള്‍ നിര്‍മാണം പോലീസ് എയ്‌ഡ് പോസ്റ്റ്, കളിസ്ഥല നിര്‍മാണം എന്നിവയും പൂര്‍ത്തിയായിട്ടില്ല. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ മൂന്ന് കിലോമീറ്റര്‍ റെയില്‍ വേലി സ്ഥാപിക്കുന്നതിനുള്ള പ്രവ്യത്തിയും അനിശ്ചിതത്വത്തിലാണ്. അഞ്ച് കിലോമീറ്റര്‍ പുതിയ റോഡിന്റെ നിര്‍മാണവും തുടങ്ങിയിട്ടില്ല.
കല്പറ്റ ആസ്ഥനമായുള്ള വെസ്റ്റ് കണ്‍സ്‌ട്രക്‌ഷന്‍ ഗ്രൂപ്പാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. യഥാസമയം ഫണ്ട് ലഭിക്കാഞ്ഞതിനാലാണ് നിര്‍മാണം വൈകുന്നതെന്നാണ് കരാര്‍ കമ്ബനി അധികൃതര്‍ പറയുന്നത്. 70 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കുപോലും കരാര്‍ വ്യവസ്ഥയുടെ പത്ത് ശതമാനം ഫണ്ട് പോലും ലഭിച്ചിട്ടില്ല.
0 Comments