ചെറുപുഴ മുതൽ അമ്പായത്തോടുവരെ കണ്ണൂര്‍ ജില്ലയെ കാസർകോടുമായും വയനാടുമായും കൂട്ടിയിണക്കുന്ന മലയോര പാത ഹൈടെക്കാവുന്നു.
കുടിയേറ്റ ഗ്രാമങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി മലയോര ഹൈവേ നിർമാണം പൂർത്തിയാവുന്നു. ചെറുപുഴ മുതൽ അമ്പായത്തോടുവരെ ജില്ലയെ കാസർകോടുമായും വയനാടുമായും കൂട്ടിയിണക്കുന്ന 109.5 കി.മീറ്റർ മലയോര പാതയാണ‌് ഹൈടെക്കാവുന്നത‌്. ചെറുപുഴ‐ വള്ളിത്തോട‌് റീച്ചിൽ 64.776 കി.മീറ്ററിൽ 49 കി.മീറ്റർ പാത വീതിക്കൂട്ടി ആധുനീകരിക്കുന്ന പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റിയാണ‌് നടത്തുന്നത്. 2020 മാർച്ച‌് 31നകം തീർക്കേണ്ട പ്രവൃത്തി ഫെബ്രുവരി രണ്ടാംവാരത്തോടെ യുഎൽസിസി പൂർത്തിയാക്കും. ടാറിങ‌് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായി. സുരക്ഷാവരകളുടെയും സൂചകങ്ങളുടെയും പ്രവൃത്തി മാത്രമാണ‌് ഇനി ബാക്കി. ഏഴുമീറ്റർ ടാറിങ് റോഡാണ‌് മലയോര ഹൈവേക്കാവശ്യം. ചിലയിടങ്ങളിൽ ഈ വീതിയില്ല. ഈ വിതിയിൽ റോഡ‌് പുനഃക്രമീകരിക്കാനും സർക്കാർ ഉത്തരവായതായി പൊതുമരാമത്ത‌് വിഭാഗം പറഞ്ഞു. മിനുക്ക‌് പണികളും വീതി കൂട്ടലും തുടർന്ന‌് സമയബന്ധിതമായി പൂർത്തിയാക്കും.കാലങ്ങളായി കുടിയേറ്റ ജനത ആവശ്യപ്പെടുന്ന റോഡാണ് മലയോര ഹൈവേ. കാസർകോട്, കാഞ്ഞങ്ങാട‌്, ബളാൽ, വെള്ളരിക്കുണ്ട‌്, ചെറുപുഴ തുടങ്ങിയ പ്രദേശങ്ങളെ കൂട്ടിയിണക്കി വയനാട‌്, കോട്ടയം, പാലക്കാട‌്, ഇടുക്കി മേഖലകളിലേക്കടക്കം കെഎസ‌്ആർടിസി ബസ്സുകൾ മലയോര ഹൈവേ വഴി സർവീസ‌് നടത്തുന്നുണ്ട്.
0 Comments