ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ഫണ്ട് കേരളം ചിലവഴിച്ചില്ല; രണ്ടാം ഗഡു തുക റിലീസ് ചെയ്യില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ 2019-20 ല്‍ കേരളത്തിന്‌ 101.29 കോടി രൂപ അനുവദിച്ചതില്‍ 78.44 കോടിയും ചിലവഴിക്കാത്തതിനാല്‍ രണ്ടാം ഗഡു തുക റിലീസ് ചെയ്യാന്‍ കഴിയില്ലെന്ന് ജല്‍ ശക്തി വകുപ്പ് സഹമന്ത്രി രത്തന്‍ ലാല്‍ കഠാരിയ ലോക്സഭയില്‍ അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കി.
248.76 കോടി രൂപയാണ് സംസ്ഥാനത്തിന് നീക്കി വച്ചിരുന്നത്. എന്നാല്‍ പദ്ധതി നടത്തിപ്പിലെ കാലതാമസവും തുക വിനിയോഗത്തിലെ വീഴ്ചയും കാരണം രണ്ടാം ഗഡുവിനുള്ള പ്രൊപോസല്‍ ഇതുവരെ സംസ്ഥാനം നല്‍കിയിട്ടില്ല.

കേരളത്തിലെ 9 പ്രളയബാധിത ജില്ലകള്‍ക്കായി പദ്ധതിയുടെ കേന്ദ്ര സംസ്ഥാന വിഹിതം 90-10 അനുപാതത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപെട്ടിരുന്നു. അംഗീകരിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണ് വിഹിതം അനുവദിക്കുന്നതെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്‌തമാക്കി.